കോർക്കിൽ 700 വീടുകൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി; പണിപൂർത്തിയാകുന്ന വീടുകളുടെ വില ഇത്രയും…

തെക്കന്‍ കോര്‍ക്കിലെ Carrigtwohill-ല്‍ 714 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. ഇതോടെ പ്രദേശത്ത് ഇന്നുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഹൗസിങ് പ്രോജക്ടായി മാറിയിരിക്കുകയാണിത്. BAM Property-ക്കാണ് നിര്‍മ്മാണച്ചുമതല.

Carrigtwohill-ലെ Castlelake-ലാണ് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍, നിര്‍മ്മാതാക്കള്‍ ആദ്യം കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടേണ്ടതില്ല.

പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍, 224 വീടുകള്‍, 282 ഡ്യുപ്ലക്‌സ് യൂണിറ്റുകള്‍, 208 അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയാണ് പണികഴിപ്പിക്കുക. ഒന്നുമുതല്‍ അഞ്ച് വരെ നിലകളിലായുള്ള ഏഴ് ബ്ലോക്കുകളിലായാണ് നിര്‍മ്മാണം. ഒപ്പം ഒരു ക്രഷ്, വിവിധ സൗകര്യങ്ങളോടുകൂടിയ കളിസ്ഥലം എന്നിവയും 18.3 ഹെക്ടര്‍ സ്ഥലത്തായി നിര്‍മ്മിക്കും. 1,300-ഓളം വാഹനങ്ങളും, 900-ലധികം സൈക്കിളുകളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.

ഇവിടെ നിര്‍മ്മിക്കപ്പെടുന്ന ടു-ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ശരാശരി 330,000 യൂറോയും, ടു-ബെഡ് ഡ്യുപ്ലെക്‌സുകള്‍ക്ക് 370,102 യൂറോയും വിലവരുമെന്നാണ് കമ്പനി കണക്കാക്കുന്നത്. 3-ബെഡ് വീടിന് ശരാശരി 386,157 യൂറോ വിലവരും.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന എല്ലാ വീടുകളും, ഡ്യുപ്ലെക്‌സുകളും വ്യക്തികള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നും, കോര്‍പ്പറേറ്റുകള്‍ക്കോ, ഹൗസിങ് ബോഡികള്‍ക്കോ വില്‍ക്കരുതെന്നും പെര്‍മിഷന്‍ നല്‍കുന്നതിനിടെ നിര്‍മ്മാതാക്കള്‍ക്ക് പ്ലാനിങ് ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: