ഡബ്ലിനിലെ പാര്‍നെല്‍ സ്ക്വയര്‍ ഈസ്റ്റില്‍ വ്യാഴാഴ്ച നടന്ന കത്തിക്കുത്ത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അക്രമിയെ തടയാനായി ആദ്യം മുന്നോട്ടുവന്ന ബ്രസീലുകാരനായ യുവാവ് കാരണമാണ് കൂടുതല്‍ പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാവോ ബെനീസിയോ (Caio Benicio) എന്ന 43-കാരനായ ഡെലിവറൂ ഡ്രൈവറാണ് അക്രമി കത്തിയുമായി ആളുകളെ ആക്രമിക്കുന്നത് കണ്ടയുടന്‍, ബൈക്കില്‍ നിന്നും ചാടിയിറങ്ങി അക്രമിയെ ഹെല്‍മെറ്റ് കൊണ്ടടിച്ച് താഴെയിട്ടത്.
വ്യാഴാഴ്ച 1.30-ഓടെ പാര്‍നല്‍ സ്ക്വയര്‍ ഈസ്റ്റിലെ Gaelscoil Choláiste Mhuire സ്കൂളിന് മുന്നില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള അക്രമി കുട്ടികളടക്കമുള്ളവരെ കത്തികൊണ്ട് കുത്താനാരംഭിച്ചത്. ഈ സമയം ഇതുവഴി തന്റെ ബൈക്കില്‍ വരികയായിരുന്നു ഡെലിവറൂ ജീവനക്കാരനായ ബെനീസിയോ. അക്രമി അഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തുന്നത് കണ്ടുകൊണ്ടെത്തിയ ബെനീസിയോ, ഞൊടിയിടയില്‍ മറ്റൊന്നും ചിന്തിക്കാതെ ബൈക്കില്‍ നിന്നിറങ്ങി. കത്തിയുമായി നില്ക്കുന്ന അക്രമിയുടെ സമീപത്തേയ്ക്ക് പോകാന്‍ മറ്റുള്ളവര്‍ ഭയപ്പെട്ട് നില്‍ക്കേ, ബെനീസിയോ തന്റെ കൈയിലെ ഹെല്‍മെറ്റ് ഉപയോഗിച്ച് അക്രമിയെ അടിച്ചുവീഴ്ത്തി. നിലത്തുവീണതോടെ അക്രമിയുടെ കത്തി തെറിച്ചുപോകുകയും, ഈ സമയം മറ്റുള്ളവര്‍ മുമ്പോട്ട് വരികയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു.
തനിക്കും രണ്ട് കുട്ടികളുണ്ടെന്നും, അതിനാല്‍ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നുവെന്നും സംഭവത്തെ പറ്റി ബെനീസിയോ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസുകാരിയെ കുറിച്ചാണ് താന്‍ ഇപ്പോഴും ആലോചിക്കുന്നതെന്നും, അഥവാ ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, തനിക്ക് കുറച്ചുകൂടെ വേഗത്തില്‍ അക്രമിയെ നേരിടാമായിരുന്നു എന്നാകും താന്‍ കുറ്റബോധത്തോടെ ചിന്തിക്കുകയെന്നും ബെനീസിയോ പറയുന്നു. ഈയിടെ മുട്ടിന് ഓപ്പറേഷന് നടത്തിയ ഇദ്ദേഹത്തിന്, വേഗത്തില്‍ നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ട്.
അതേസമയം ഈ പെണ്‍കുട്ടിക്കും, അക്രമം തടയാന്‍ ശ്രമിച്ച ക്രഷിലെ ഒരു ആയയ്ക്കുമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
ബ്രസീലുകാരനായ ചാവോ ബെനീസിയോ, നാട്ടിലെ തന്റെ റസ്റ്ററന്റ് തീപിടിത്തത്തില്‍ നശിച്ചതിനെത്തുടര്‍ന്നാണ് അയര്‍ലണ്ടില്‍ ജോലിക്കെത്തിയത്. സംഭവം ചര്‍ച്ചയായതോടെ ഇദ്ദേഹത്തിന് ധീരതയ്ക്കുള്ള ആദരവായി ‘ഫ്രീഡം ഓഫ് ദി സിറ്റി’ സമ്മാനിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിന് പുറമെ ‘Buy Caio Benicio a pint’ എന്ന പേരില്‍ gofundme.com-ല്‍ നടത്തിയ ധനസമാഹരണത്തില്‍ ഇദ്ദേഹത്തിനായി 200,000 യൂറോയിലധികം സമാഹരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ അക്രമി കുടിയേറ്റക്കാരനാണ് എന്ന പേരില്‍ നഗരത്തില്‍ തീവ്രവലതുപക്ഷ വാദികള്‍ വലിയ കലാപം അഴിച്ചുവിട്ടിരുന്നു. കലാപത്തിനിടെ വ്യാപകമായി കടകള്‍ കൊള്ളയടിക്കപ്പെടുകയും, വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പ്രതികരിച്ച ബെനീസിയോ, താനും ഒരു കുടിയേറ്റക്കാരനാണെന്നും, തനിക്ക് പറ്റുന്നത് താന്‍ ചെയ്തുവെന്നും പറഞ്ഞു.
50-ലേറെ പ്രായമുള്ള വിദേശിയാണ് അക്രമി. എന്നാല്‍ ഇയാളുടെ പൗരത്വമോ, ആക്രമിക്കാനുണ്ടായ കാരണമോ ഗാര്‍ഡ പുറത്തുവിട്ടിട്ടില്ല.