യുഎഇയിലെ പ്രശസ്തമായ അബുദാബി എയര്‍പോര്‍ട്ട് പേരുമാറ്റത്തിന് തയ്യാറെടുക്കുന്നു. 2024 ഫെബ്രുവരി 9 മുതല്‍ നിലവിലെ പേരായ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പകരം, സയീദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാകും ഇത് അറിയപ്പെടുക. എത്തിഹാദ് എയര്‍ലൈന്‍സിന്റെ ആസ്ഥാനവുമാണ് അബുദാബി എയര്‍പോര്‍ട്ട്.
യുഎഇ രാജ്യത്തിന്റെ സ്ഥാപകനായ സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലാണ് എയര്‍പോര്‍ട്ട് ഇനിമുതല്‍ അറിയപ്പെടുക. നിലവിലെ യുഎഇ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
അതേസമയം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ എ ഈയിടെയാണ് പ്രവര്‍ത്തനമാരംഭിച്ചത്. 79 അന്താരാഷ്ട്രവിമാനങ്ങള്‍ക്ക് ഒരേസമയം യാത്ര നടത്താവുന്ന തരത്തില്‍ സൗകര്യപ്രദമാണ് പുതിയ ടെര്‍മിനല്‍. വര്‍ഷം 45 മില്യണ്‍ യാത്രക്കാരെയും എയര്‍പോര്‍ട്ടിന് താങ്ങാന്‍ സാധിക്കും.
ഡിസംബര്‍ മാസത്തില്‍ 12,220 വിമാനങ്ങളും, 2.29 മില്യണ്‍ യാത്രക്കാരും എയര്‍പോര്‍ട്ട് ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
ബയോമെട്രിക് ടെക്‌നോളജി പോലുള്ള നൂതന സാങ്കേതികവിദ്യയും, 35,000 സ്‌ക്വയര്‍ മീറ്ററിലായി 163 പുതിയ ഔട്ട്‌ലെറ്റുകളും ടെര്‍മിനല്‍ എയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.