പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ച HSE നടപടിയില്‍ പ്രതിഷേധിച്ച് ലിമറിക്കിലെ സെന്റ് ജോണ്‍ ഹോസ്പിറ്റലിലുള്ള നഴ്സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍. 89 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ നിലവില്‍ 30 ജോലിയൊഴിവുകളാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തങ്ങള്‍ക്ക് അമിതസമ്മര്‍ദ്ദം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടുത്തെ INMO അംഗങ്ങളായ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
വര്‍ക്ക് ടു റൂള്‍ രീതിയിലാണ് സമരം. അധിക ഡ്യൂട്ടി സമയം ജോലി ചെയ്യാതെ, കൃത്യസമയത്ത് ജോലി അവസാനിപ്പിക്കുന്നതിനെയാണ് വര്‍ക്ക് ടു റൂള്‍ സമരരീതി എന്ന് പറയുന്നത്.
അതേസമയം ഒട്ടുമിക്ക റിക്രൂട്ട്മെന്റുകളും HSE നിര്‍ത്തിവച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ നിയമനങ്ങള്‍ക്കായി അനുവദിച്ച ഫണ്ടിലും അധികമായി ഇപ്പോള്‍ത്തന്നെ ചെലവഴിച്ചുവെന്നും, തീരുമാനിച്ചതിലും കൂടുതല്‍ പേരെ നിയമിച്ചുവെന്നും HSE റിക്രൂട്ട്മെന്റ് നിര്‍ത്തിവയ്ക്കുന്നതിന് കാരണമായി പറയുന്നു.
സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ആവശ്യത്തിന് ജോലിക്കാരെ നിയമിക്കാന്‍ ആശുപത്രി മാനേജ്മെന്റോ, HSE-യോ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച INMO, സമരം നടത്തുക എന്ന തീരുമാനത്തിലേയ്ക്ക് പെട്ടെന്ന് എത്തപ്പെടുകയായിരുന്നില്ലെന്നും വ്യക്തമാക്കി. നഴ്സുമാരെയും, രോഗികളെയും ഒരുപോലെ അപകടത്തിലാക്കുന്ന നിലപാടാണ് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതിരിക്കുക എന്നത്.
അതേസമയം രാജ്യവ്യാപകമായുള്ള നഴ്സുമാരുടെ സമരം സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവോട്ടെടുപ്പ് നടത്തുമെന്ന് ഈയിടെ INMO വ്യക്തമാക്കിയിരുന്നു.