സാധനം വാങ്ങാൻ ആളില്ല; അയർലണ്ടിലെ രണ്ട് Supervalu സ്റ്റോറുകൾ പൂട്ടി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നായ Supervalu-വിന്റെ രണ്ട് സ്‌റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭകരമല്ല എന്ന കാരണത്താലാണ് വടക്കന്‍ ഡബ്ലിനിലെ Ballymun-ലെയും, കില്‍ക്കെന്നിയിലെ Market Cross-ലെയും Supervalu സ്റ്ററോറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ രണ്ട് സ്റ്റോറുകളിലും ഉപഭോക്താക്കളും കുറവായിരുന്നു.

ഈ വര്‍ഷമാദ്യം കമ്പനി കോര്‍ക്ക് സിറ്റിയിലെ Merchants Quay-ലുള്ള തങ്ങളുടെ സ്‌റ്റോറും പൂട്ടിയിരുന്നു. ഇപ്പോള്‍ പൂട്ടിയ രണ്ട് സ്റ്റോറുകളിലുമായി 80-ഓളം പേര്‍ക്കാണ് ജോലി നഷ്ടമാകുക.

ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഈയിടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സാധനങ്ങളുടെ വില കുറച്ചിരുന്നു. ഇതുമൂലം വില്‍പ്പന വര്‍ദ്ധിച്ചെങ്കിലും ലാഭത്തില്‍ വര്‍ദ്ധനയുണ്ടാകാത്തതാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

Supervalu-വിനെ സംബന്ധിച്ചിടത്തോളം പ്രധാന എതിരാളികളായ Tesco, Dunnes എന്നിവരില്‍ നിന്നുള്ള മത്സരവും ബിസിനസിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. Musgrave എന്ന കമ്പനിയാണ് Supervalu എന്ന പേരില്‍ രാജ്യത്ത് സ്റ്റോറുകള്‍ നടത്തിവരുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് രാജ്യത്തെ 24 Superquinn സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഇവര്‍ ഏറ്റെടുത്ത് Supervalu ആക്കി മാറ്റുകയും ചെയ്തിരുന്നു.

രാജ്യത്തെ അഞ്ച് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നുകളായി കണക്കാക്കുന്നത് Dunnes, Tesco, Supervalu, Lidl, Aldi എന്നിവയെയാണ്. ഇതില്‍ ആകെ വിപണിയുടെ 23% ഷെയറാണ് Dunnes-ന് ഉള്ളത്. Tesco-യ്ക്കാകട്ടെ 21 ശതമാനവും. മൂന്നാം സ്ഥാനക്കാരായ Supervalu-വിന്റെ മാര്‍ക്കറ്റ് ഷെയര്‍ 21% ആണ്.

തിരക്കേറിയ ക്രിസ്മസ് സീസണ്‍ അടുത്തിരിക്കെയാണ് Supervalu തങ്ങളുടെ രണ്ട് സ്‌റ്റോറുകള്‍ പൂട്ടിയതെന്ന കാര്യം ശ്രദ്ധേയമാണ്.

Share this news

Leave a Reply

%d bloggers like this: