അയര്‍ലണ്ടില്‍ കമ്പനികളിലെ ജോലിക്കാരെയും, ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വരുന്ന തട്ടിപ്പ് ഇമെയിലുകളെ പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡ. കമ്പനിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം വ്യാജ ഇമെയിലുകള്‍ വരുന്നത്. ഏതെങ്കിലും പര്‍ച്ചേയ്സിന്റെ ഇന്‍വോയിസ് അയച്ച ശേഷം, തങ്ങള്‍ ഈയിടെ ബാങ്ക് മാറിയതിനാല്‍ പണം തങ്ങളുടെ പുതിയ അക്കൗണ്ടിലേയ്ക്ക് അയയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ പൊതുവെ ആവശ്യപ്പെടുന്നത്. Business Email Compromise (BEC) തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.
യഥാര്‍ത്ഥ കമ്പനിയില്‍ നിന്നോ, സ്ഥാപനത്തില്‍ നിന്നോ ആണ് മെയില്‍ വന്നിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ പണം അയയ്ക്കുന്നതോടെ തട്ടിപ്പിന് ഇരയാകുന്നു. ഭൂരിഭാഗം കേസുകളിലും വിദേശത്തിരുന്നാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതിനാല്‍ ഇവരെ പിടികൂടുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുന്നു.
2023-ല്‍ ഇതുവരെ 6.5 മില്യണ്‍ യൂറോ ഇത്തരം തട്ടിപ്പുകളിലൂടെ അയര്‍ലണ്ടിലെ ആളുകള്‍ക്കും, കമ്പനികള്‍ക്കും നഷ്ടമായതായി ഗാര്‍ഡ പറയുന്നു. 2022-ല്‍ 11 മില്യണ്‍ യൂറോളമായിരുന്നു തട്ടിപ്പുകാര്‍ അടിച്ചെടുത്തത്.
അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം തട്ടിപ്പുകളില്‍ 23% കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും, എപ്പോള്‍ വേണമെങ്കിലും തട്ടിപ്പ് മെയിലുകള്‍ വരാമെന്നും, അത്തരം സാഹചര്യങ്ങളില്‍ ഇന്‍വോയിസ് അയയ്ക്കുന്ന കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം മാത്രമേ പണമിടപാട് നടത്താകൂവെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.