അയര്‍ലണ്ടിലെ ഇസ്രായേല്‍ അംബാസഡറെ പുറത്താക്കാനായി കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ തള്ളി. സോഷ്യല്‍ ഡെമോക്രാറ്റ്സ് പാര്‍ട്ടിയാണ് ഇസ്രായേല്‍-പലസ്തീന് യുദ്ധത്തിന്റെയും, പലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതിന്റെയും പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ഇസ്രായേലി അംബാസഡറായ ഡാന എര്ലിക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഈ സമയം തന്നെ ഇതേ ആവശ്യവുമായി ആയിരക്കണക്കിനാളുകള്‍ അയര്‍ലണ്ടിന്റെ Oireachtas-ന് മുന്നില്‍ ഇന്നലെ പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തിരുന്നു.
ടിഡിമാര്ക്കിടയില് നടന്ന വോട്ടെടുപ്പില്‍ 85 പേര് പുറത്താക്കല്‍ തീരുമാനത്തെ എതിര്‍ത്തപ്പോള്‍ 55 പേര് പിന്തുണച്ചു. അംബാസഡറെ പുറത്താക്കേണ്ടതില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ കൈക്കൊണ്ടത്.
അംബാസഡറെ പുറത്താക്കുന്നതിന് പുറമെ ഇസ്രായേലിന് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക, നയതന്ത്രബന്ധങ്ങള്‍ നിര്‍ത്തലാക്കുക, ഇയു-ഇസ്രായേല്‍ വ്യാപാരബന്ധം മകവിപ്പിക്കാന് സമ്മര്‍ദ്ദം ചെലുത്തുക എന്നിവയും പ്രമേയത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റ്സ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇസ്രായേലിനെ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യാന്‍ അയര്‍ലണ്ട് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein കൊണ്ടുവന്ന പ്രമേയവും ചൊവ്വാഴ്ച വോട്ടിങ്ങില്‍ പരാജയപ്പെട്ടിരുന്നു.
ഇതിനിടെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം തുടരുകയാണ്. കുട്ടികളെയടക്കം അഡ്മിറ്റ് ചെയ്തിരിക്കുന്ന അല്‍ഷിഫ ആശുപത്രിയും സൈന്യം വളഞ്ഞു. ഇവിടെ ഹമാസിന്റെ ആയുധങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് സൈന്യം പരിശോധന നടത്തിവരികയാണ്. നിരപരാധികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ അതിക്രമം നടത്തുന്ന ഇസ്രായേല്‍ നടപടിക്കെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ യുഎന്നും അപലപിച്ചു.