ഡബ്ലിൻ: സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവര്ക്കും ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കണമെന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിക്ക് അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി തയ്യാറെടുക്കുന്നു.
“കരുതലിൻ കൂട്” എന്ന പദ്ധതിക്ക് ഉടൻതന്നെ തുടക്കം കുറിക്കുന്നതാണ്.

ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോല മണ്ഡലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി ക്രാന്തിയുടെ വിവിധ യൂണിറ്റുകളുടെയും കേന്ദ്രകമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു വരികയാണ്.
ഭവന നിർമ്മാണ പദ്ധതിയിൽ അയർലണ്ടിലെ മുഴുവൻ പ്രവാസി മലയാളികളുടെയും ആത്മാർത്ഥമായ സഹകരണം ക്രാന്തി കേന്ദ്ര കമ്മിറ്റി അഭ്യർത്ഥിക്കുന്നു.