അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ വാടകയുടെ പേരില്‍ നേരിടുന്നത് കൊടിയ ദുരിതം. Irish Council of International Students (ICOS) ഈയിടെ നടത്തിയ ഒരു സര്‍വേയില്‍, 13% വിദ്യാര്‍ത്ഥികളും ഏതെങ്കിലും തരത്തിലുള്ള വാടക തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കുന്നു. ഭവനപ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍, ‘കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന’ വീട്ടുടമകളുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.
താമസവുമായി ബന്ധപ്പെട്ട് ICOS നടത്തിയ സര്‍വേയില്‍, അയര്‍ലണ്ടിലെ 819 വിദേശവിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതില്‍ വാടക തട്ടിപ്പിന് ഇരയായവരില്‍ വെറും 11% പേര് മാത്രമാണ് ഇക്കാര്യം ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
കൂടിയ വാടകനിരക്ക് (പലപ്പോഴും 1,000 യൂറോയിലധികം), ഒട്ടും സൗകര്യമില്ലാത്ത താമസസ്ഥലം, കോളജിലേയ്ക്ക് മണിക്കൂറുകള്‍ നീണ്ട യാത്ര എന്നിവയാണ് പൊതുവെ വിദേശവിദ്യാര്‍ത്ഥികള്‍ താമസവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രശ്നങ്ങള്‍. ഇതിന് പുറമെ വാടകവീടിന് പകരം സെക്സ് ആവശ്യപ്പെടുന്ന വീട്ടുടമകളും, അതുകാട്ടി പരസ്യം ചെയ്യുന്നവരും ഏറെയാണ്. ചിലരാകട്ടെ, കുട്ടിയെ നോക്കുന്നതിന് പകരമായും വാടകവീട് നല്‍കാമെന്ന് പറയുന്നു. എങ്ങനെയെങ്കിലും താമസസ്ഥലം ലഭിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ മുതലെടുക്കുന്ന രീതികളാണ് ഇവ.
സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ 31% പേരും മറ്റൊരാളുമായി റൂം ഷെയര്‍ ചെയ്താണ് താമസിക്കുന്നത്. ഇംഗ്ലിഷ് ലാംഗ്വേജ് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇത് 81% ആണ്. വെറും 3% വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ യൂണിവേഴ്സിറ്റിക്കകത്ത് താമസസൗകര്യം ലഭിച്ചിട്ടുള്ളൂ. മെച്ചപ്പെട്ട താമസം ലഭിക്കാത്തത് തങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പകുതിയിലധികം വിദ്യാര്‍ത്ഥികളും പ്രതികരിച്ചിട്ടുണ്ട്.
സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് തട്ടിപ്പ് രീതികളെപ്പറ്റി കുറച്ചുകൂടെ ബോധ്യമുണ്ടെന്നതിനാലും, വേറെ താമസസ്ഥലം ലഭിക്കാന്‍ സാധ്യതയുണ്ടെന്നതിനാലും, വിദേശവിദ്യാര്‍ത്ഥികളാണ് തട്ടിപ്പിന് മിക്കപ്പോഴും ഇരകളാകുന്നത്. 30,000-ലധികം വിദേശവിദ്യാര്‍ത്ഥികളാണ് അയര്‍ലണ്ടിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠനം നടത്തുന്നത് എന്നിരിക്കെ, ഇത്തരം തട്ടിപ്പുകള്‍ തുടരുന്നത് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അയര്‍ലണ്ടിന്റെ മതിപ്പ് കുറയ്ക്കാന്‍ ഇടയാക്കുമെന്നും ICOS മുന്നറിയിപ്പ് നല്കുന്നു.
അതേസമയം വാടകയ്ക്ക് പകരം സെക്സ് ആവശ്യപ്പെടുന്ന വീട്ടുടമകളെ പൂട്ടാനായുള്ള ബില്‍, നിലവില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയിലാണ്. സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡിയായ Cian O’Callaghan ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.