അയര്‍ലണ്ടില്‍ ഇന്ന് രാവിലെ വീശിയടിച്ച ഡെബി കൊടുങ്കാറ്റില്‍ (Storm Debi) വ്യാപക നാശനഷ്ടം. രാജ്യത്ത് പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും, വൈദ്യുതിവിതരണം തടസ്സപ്പെടുകയും ചെയ്തപ്പോള്‍ കാറ്റില്‍ പറന്നുവന്ന കെട്ടിടത്തിന്റെ അവശിഷ്ടം ദേഹത്ത് വീണ് ഒരാള്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ട് ചെയ്തു.
ഗോള്‍വേ സിറ്റിയില്‍ പ്രളയം കാരണം നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന് പ്രതികൂല കാലാവസ്ഥ നാശനഷ്ടം സൃഷ്ടിച്ചാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ സഹായം കൗണ്ടി ഗോള്വേയിലേയ്ക്കും വ്യാപിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഗോള്‍വേ സിറ്റിക്ക് സമീപം Oranmore-ലും വെള്ളപ്പൊക്കം നാശം വിതച്ചു. ഇവിടെ കടല്‍ത്തീരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റില്‍ ഒഴുകിപ്പോയി.
കൗണ്ടി കാവന്, കൗണ്ടി ലൂ എന്നിവിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിവിതരണം സ്തംഭിച്ചു. മീത്തില്‍ വാഹനങ്ങള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തി. അതേസമയം ഇവിടെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൗണ്ടി ലിമറിക്കില്‍ ഇന്ന് രാവിലെ കാറ്റില്‍ പറന്നുവന്ന കെട്ടിടാവശിഷ്ടം ദേഹത്ത് വീണ് പോസ്റ്റ് വുമണ്‍ പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ പരിക്ക് സാരമുള്ളതല്ല.
അതേസമയം ഇന്ന് രാവിലെ 9 മണിവരെ നല്കിയ മുന്നറിയിപ്പ് പലയിടത്തും വൈകിട്ട് 3 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
രാവിലെ ശക്തമായ കാറ്റ് വീശിയ സമയങ്ങളില്‍ 1 ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതിവിതരണം നിലച്ചത്. ഇവിടങ്ങളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് ESB പറഞ്ഞു. Tuam, Longford, Midlands, Ashbourne, Navan എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതിവിതരണം പ്രധാനമായും തടസപ്പെട്ടത്.
വീണുകിടക്കുന്ന മരങ്ങള്‍ക്ക് അരികിലേയ്ക്ക് പോകരുതെന്നും, അവ വൈദ്യുതി കമ്പികളില്‍ തട്ടിയിട്ടുണ്ടെങ്കില് ഷോക്ക് അടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കൗണ്ടി ഗോള്‍വേയിലെ Atherny-യില്‍ ഇന്ന് രാവിലെ മണിക്കൂറില്‍ 115 കി.മീ വേഗത്തില്‍ കാറ്റ് വീശിയടിച്ചതായാണ് രേഖപ്പെടുത്തിയത്.
ആകെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളൂ.