കവിത: 1983 ബാച്ച് – പ്രസാദ് കെ. ഐസ്സക്

1983 ബാച്ച്

പ്രസാദ് കെ. ഐസ്സക്

പണ്ടൊരുനാളിൽ പത്താംക്ലാസ്സിൽ ഒപ്പമിരുന്ന്പഠിച്ചൂ നമ്മൾ

പത്താംക്ലാസ്സു പഠിപ്പുകഴിഞ്ഞു പിരിഞ്ഞുപോയി പലവഴിനാം

കാലംപോയി കാണാൻ കൊതിയായ് കൂടെയിരുന്നു പഠിച്ച സതീർഥ്യരെ

പരിഹാരം ആയ് പൗലോസ് ചൊല്ലി പത്താംക്ലാസ്സിൻ ഗ്രൂപ്പുതുടങ്ങാം

വൈകീടാതെ തുടങ്ങീ പിന്നെ വാട്സ്ആപ്പിൽ നാം ഒരുകൂട്ടായ്മ

എല്ലാവരെയും കണ്ടെത്തീടാൻ ഏറെശ്രമിച്ചു മുന്നിൽനിന്നവർ

കേട്ടവർ കേട്ടവർ ആവേശത്താൽ ഗ്രൂപ്പിൽചേർന്നു താമസമെന്യേ

ഏവരുടെയും ഉത്സാഹത്താൽ ഗ്രൂപ്പൊരു വമ്പൻ വിജയമതായി

ഏറെപ്പേർക്ക് നന്മകൾ ചെയ്ത് നമ്മുടെ ഗ്രൂപ്പൊരു മാതൃകയായി

അനിലും അജിത്തും പൗലോസ് പോളും എൽദോയും തേരാളികളായി

തോമസെന്ന സുഹൃത്തും കൂടി അവരുടെകൂടെ തേരുതെളിക്കാൻ

ഗൾഫിൽനിന്നും വർഗീസ് പൗലോസ് നമ്മുടെ ഗ്രൂപ്പിനു താങ്ങായ്മാറി

സ്‌റ്റേറ്റ്സിൽ നിന്നും സജിയും നമ്മുടെ ഗ്രൂപ്പിൽ നിറസാന്നിധ്യമതായി

ഇറ്റലിയിൽ നിന്നിടക്കിടക്ക് എലിയാസ് വി. സി ഗ്രൂപ്പിൽ എത്തും

ബോംബേലുള്ളൊരു ഷാജി സി. ജെ ചിന്തിക്കാനായ് പോസ്റ്റുകൾ നൽകും

ഷീലേം, സാലിം, രാധേം, ശാന്തേം നമ്മുടെ ഗ്രൂപ്പിലെ നാരീമണികൾ

ഗ്രൂപ്പിനൊരൽപ്പം ഉറക്കം വന്നാൽ തട്ടിയുണർത്തും ഷാജി ഫിലിപ്പ്

രാവിലുറങ്ങാൻ നേരമതായാൽ പാട്ടുകൾ നൽകും ഷാജു റ്റി. യു

ഗ്രൂപിനു നല്ലൊരു ലോഗോ നൽകി RLV-യിലെ രവിചന്ദ്രൻ 

പണ്ടുപഠിച്ചൊരു സ്കൂളിൻമുറ്റത്തൊത്തൊരുമിച്ചു വൈകാതെ നാം

കുട്ടിക്കാലത്തു കൂട്ടുകാരുമൊത്തു കൂട്ടുകൾ കൂടി കളിച്ചോരിടം

അദ്ധ്യാപകർ ചൊന്ന ആദ്യാക്ഷരങ്ങൾ ആദ്യമായ് ചൊല്ലിപഠിച്ചൊരിടം

പണ്ടൊക്കെ പേടിയിൽ പോകാൻ മടിച്ചിടം ഇന്നൊന്നു പോകാൻ കൊതിക്കുമിടം

നേർവഴികാട്ടിയ അദ്ധ്യാപകർക്ക് ആദരവേകി നാം ആദിവസം

സൗഹൃദമൊക്കെ ഒന്നുപുതുക്കി ആടിപ്പാടി രസിച്ചെല്ലാരും

ഓർമ്മകൾ പിറകോട്ടോടിപ്പോയി കുട്ടിക്കാലം നിറഞ്ഞുമനസ്സിൽ

കംപ്യൂട്ടർ ഗെയിമില്ല സ്മാർട്ട്ഫോണുമില്ലന്നു കൂട്ടുകൂടിക്കളി ഒന്നുമാത്രം

കിറ്റ്ക്യാറ്റില്ലന്നു കിൻഡർജോയീമില്ല കൊക്കകോളയോ കണ്ടിട്ടില്ല

കല്ലിലെറിഞ്ഞുകഷണങ്ങളാക്കിയ മാങ്ങാപകുത്തു കഴിച്ചു നമ്മൾ

കുട്ടപ്പൻ ചേട്ടന്റെ പെട്ടിക്കടയാണ് അന്നത്തെ നമ്മുടെ സൂപ്പർമാർക്കറ്റ്

അവിടുന്നു തിന്നൊരാ മിട്ടായി തൻരുചി ഇന്നുമെൻ നാവിൽ നിറഞ്ഞിടുന്നു

മാവിലെറിഞ്ഞു മഴനനഞ്ഞു മണ്ണിൽ മറിഞ്ഞു കളിച്ചുനമ്മൾ

വേനലവധി തുടങ്ങിയാൽ പിന്നന്നു വീട്ടിലിരിക്കുവാൻ നേരമില്ല

പാടോം പറമ്പും കളിയരങ്ങാക്കി നാം പകലുമുഴുവൻ കളിതുടർന്നു

കൊച്ചുകുസൃതികൾ കാട്ടുമ്പോൾ സാറന്മാർ കുഞ്ഞുവടി കൊണ്ടടിച്ചു നമ്മെ

തെറ്റുകൾ ചെയ്യുവാൻ പേടിച്ചു നാമന്ന് അടികിട്ടുമെന്നുള്ള പേടിയാലേ

അന്നൊന്നും സ്കൂളിൽ ലഹരിമരുന്നില്ല സൗഹൃദം തന്നെ ലഹരി അന്ന്‌

നമ്മെ പഠിപ്പിച്ച അദ്ധ്യാപകർ അന്ന് രക്ഷിതാക്കൾ തന്നെ ആയിരുന്നു

കൂടെ പഠിച്ചോർ പലരും പിരിഞ്ഞുപോയ് ഇന്നിവിടില്ലവർ നമ്മോടൊപ്പം

മറ്റെതോ ലോകത്തിരുന്നവർ നമ്മുടെ സൗഹൃദം കണ്ടുരസിക്കയാകും

തുടരണം സൗഹൃദം എക്കാലവും നമ്മൾ ഒത്തുകൂടീടേണം വല്ലപ്പോഴും

Share this news

Leave a Reply

%d bloggers like this: