രാജ്യത്തെ പ്രമുഖ വൈദ്യുതി സേവനദാതാക്കളായ Electric Ireland-ന്റെ സേവനം ഉപയോഗിക്കുന്ന 8,000-ഓളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി. കമ്പനിക്കായി ജോലി ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി കമ്പനിയുടെ ഒരു തൊഴിലാളിയാണ് ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, IBAN എന്നിവ ചോര്‍ത്തിയെടുത്തത്.
ഈ വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗപ്പെടുത്തിയേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി കത്തുകളയച്ചിട്ടുണ്ട്. ഗാര്‍ഡയും, ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷനും അന്വേഷണത്തില്‍ പങ്കാളികളായിട്ടുമുണ്ട്.
കത്ത് ലഭിച്ചവര്‍ തങ്ങളുടെ ബാങ്കുകളുമായി ബന്ധപ്പെട്ട് ഈ വിവരം അറിയിക്കണമെന്ന് പറഞ്ഞ Electric Ireland, ഇത്തരം മുന്നറിയിപ്പുകള്‍ ലഭിക്കാത്തവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി. അഥവാ അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായി സംശയിക്കുന്നവര്‍ കമ്പനിയെ നേരിട്ട് വിവരമറിയിക്കണം. തുടര്‍നടപടികള്‍ക്കായി കമ്പനി ഗാര്‍ഡയെ വിവരം ധരിപ്പിക്കും.
രാജ്യത്ത് 11 ലക്ഷത്തോളം ഉപഭോക്താക്കളാണ് Electric Ireland-ന് ഉള്ളത്.