അയർലണ്ടിൽ 2014-നു മുമ്പ് ഡ്രൈവിങ് ലൈസൻസ് എടുത്തവരാണോ നിങ്ങൾ? എങ്കിൽ ഇത് വായിക്കാതെ പോകരുതേ…

അയര്‍ലണ്ടില്‍ 2014-ന് മുമ്പ് ഡ്രൈവിങ് ലൈസന്‍സ് എടുത്തവര്‍, ശ്രദ്ധിച്ചില്ലെങ്കില്‍ 1,000 യൂറോ വരെ പിഴ അടയ്‌ക്കേണ്ടി വരും. 2013-ല്‍ ലൈസന്‍സ് എടുത്തവരുടെ ലൈസന്‍സിന്റെ കാലാവവധി 2023-ല്‍ തീരുകയാണ്. രാജ്യത്തെ നിയമമനുസരിച്ച് 10 വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. അതിന് ശേഷം ലൈസന്‍സ് പുതുക്കണം.

എന്നാല്‍ കാലാവധി തീര്‍ന്ന ലൈസന്‍സുമായി ഡ്രൈവ് ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാല്‍ 1,000 യൂറോ വരെ പിഴ ലഭിക്കാം. രാജ്യത്തെ ജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും, കാലാവധി തീരാനിരിക്കുന്ന ലൈസന്‍സുകള്‍ ഉടന്‍ പുതുക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഡ്രൈവിങ്ങിനിടെ ഗാര്‍ഡ ആവശ്യപ്പെടുമ്പോള്‍ ലൈസന്‍സ് ഹാജരാക്കണം. അപ്പോള്‍ കൈയില്‍ ഇല്ലെങ്കില്‍ അടുത്ത 10 ദിവസത്തിനിടെ ഏതെങ്കിലും സ്‌റ്റേഷനില്‍ ഹാജരാക്കിയാലും മതി.

കാലാവധി തീരുന്നതിന് മൂന്ന് മാസം മുമ്പുവരെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കാവുന്നതാണ്. ഇതിനായി https://ndls.rsa.ie/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. Public Services Card (PSC), വെരിഫൈ ചെയ്ത MyGovID അക്കൗണ്ട് എന്നിവ ഇതിന് ആവശ്യമാണ്. ഒപ്പം താഴെ പറയുന്ന രേഖകളും വേണ്ടിവരും:

  1. അഡ്രസ് പ്രൂഫ് (PSC-യിലുള്ള അഡ്രസ് അല്ല പുതിയ അഡ്രസ് എങ്കില്‍, ഏറ്റവും പുതിയ ആറ് മാസത്തെ അഡ്രസ് പ്രൂഫ് വേണ്ടിവരും)
  2. അയര്‍ലണ്ടില്‍ താമസിക്കുന്നയാളാണെന്ന് വ്യക്തമാക്കുന്ന രേഖ (ഐറിഷ് പൗരന്മാര്‍, EU, EEA പൗരന്മാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല)
  3. Driving Licence Medical Report Form (ഒരു മാസത്തിനിടെ ഉള്ളത്- ആവശ്യമെങ്കില്‍)

ഓണ്‍ലൈനല്ലാതെ NDLS സെന്ററില്‍ നേരിട്ട് ചെന്നും ലൈസന്‍സ് പുതുക്കാവുന്നതാണ്. ഇതിന് വേണ്ട രേഖകള്‍:

  1. നിലവിലെ ഡ്രൈവിങ് ലൈസന്‍സ് (ലൈസന്‍സ് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചറിയല്‍ രേഖ കൊണ്ടുവരണം)
  2. PPS നമ്പര്‍ വ്യക്തമാക്കുന്ന രേഖ
  3. അയര്‍ലണ്ടില്‍ താമസിക്കുന്നയാളാണെന്ന് വ്യക്തമാക്കുന്ന രേഖ (ഐറിഷ് പൗരന്മാര്‍, EU, EEA പൗരന്മാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല)
  4. അഡ്രസ് പ്രൂഫ് (PSC കാര്‍ഡിലുള്ള അഡ്രസ് അല്ല പുതിയ അഡ്രസ് എങ്കില്‍, ഏറ്റവും പുതിയ ആറ് മാസത്തെ അഡ്രസ് പ്രൂഫ് വേണ്ടിവരും)
  5. Driving Licence Medical Report Form (ഒരു മാസത്തിനിടെ ഉള്ളത്- ആവശ്യമെങ്കില്‍)
  6. Driving Licence Eyesight Report Form (ഒരു മാസത്തിനിടെ ഉള്ളത്- ആവശ്യമെങ്കില്‍)

55 യൂറോ ആണ് ലൈസന്‍സ് പുതുക്കാനുള്ള ഫീസ്. 70 വയസിന് മേല്‍ പ്രായമുള്ളവര്‍ ഫീസ് നല്‍കേണ്ടതില്ല.

ലൈസന്‍സ് കാലാവധി തീര്‍ന്ന് 10 വര്‍ഷം വരെ നിങ്ങള്‍ക്ക് അത് പുതുക്കാവുന്നതാണ്. എന്നാല്‍ കാലാവധി കഴിഞ്ഞ് 10 വര്‍ഷം പിന്നിട്ടാല്‍, ലൈസന്‍സ് ലഭിക്കാനായി വീണ്ടും മുഴുവനായും തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ എടുക്കേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: