ഐറിഷ്- ഇസ്രായേലി ദമ്പതികളുടെ 8 വയസുകാരിയായ മകളെ ഹമാസ് ബന്ദിയാക്കിയിരിക്കുന്നതായി സംശയം. എമിലി ഹാന്‍ഡ് എന്ന പെണ്‍കുട്ടി നേരത്തെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നതെങ്കിലും, കഴിഞ്ഞ ദിവസമാണ് എമിലി ജീവനോടെയിരിക്കുന്നതായും, അമിലി അടക്കം ഏതാനും കുട്ടികളെ ഹമാസ് ഗാസ സ്ട്രിപ്പില്‍ ബന്ദികളാക്കിയിരിക്കുന്നതായും സംശയം ബലപ്പെട്ടത്.
ഇസ്രായേലിലെ Kibbutz Be’eri-ല്‍ ഹമാസ് നടത്തിയ റെയ്ഡിനിടെയാണ് ഒക്ടോബര്‍ 7-ന് എമിലിയെ കാണാതാകുന്നത്. എമിലിയുടെ പിതാവായ തോമസ് ഹാന്‍ഡ് ഡബ്ലിന്‍ സ്വദേശിയായതിനാല്‍, എമിലിക്ക് ഐറിഷ്, ഇസ്രായേലി ഇരട്ട പൗരത്വമാണുള്ളത്. ഇസ്രായേല്‍ പ്രതിരോധസേനയാണ് എമിലിയെ ഹമാസ് പിടികൂടി ബന്ദിയാക്കി വച്ചിരിക്കാന്‍ വളരെയേറെ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ അറിയിച്ചത്.
തന്റെ മകളെ ബന്ദിയാക്കി വച്ചിട്ടുണ്ടെങ്കില്‍, മനുഷ്യത്വം കാട്ടി അവളെയടക്കമുള്ള കുട്ടികളെ സ്വതന്ത്രരാക്കണമെന്ന് തോമസ് ഹാന്‍ഡ് കഴിഞ്ഞ ദിവസം ഹമാസിനോട് അപേക്ഷിച്ചു.
അതേസമയം ഗാസയില്‍ കുടുങ്ങിയ 40-ഓളം വരുന്ന ഐറിഷ് പൗരന്മാരെ രക്ഷിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഇറാനിയന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വരദ്കര്‍ പറഞ്ഞു.
എമിലിയെ തിരികെയെത്തിക്കാനായി എല്ലാം ചെയ്യുന്നുണ്ടെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയും പറഞ്ഞു.
ഇസ്രായേലിന്റെ കണക്കുകള്‍ പ്രകാരം 241 പേരെയാണ് ഹമാസ് ഗാസയില്‍ ബന്ദികളാക്കി വച്ചിരിക്കുന്നത്.
അതേസമയം ഇതുവരെ 10,000-ലധികം പേരാണ് ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് നേതൃത്വം നല്‍കുന്ന ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.