അയര്‍ലണ്ടില്‍ Criminal Justice (Miscellaneous Provisions) Act 2023-ല്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് നീതിന്യായവകുപ്പ് മന്ത്രി ഹെലന് മക്കന്റീ, നിയമഭേദഗതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടിയെടുത്തത്.
ഇത് പ്രകാരം ഇന്നുമുതല്‍ ഒരാളെ അസ്വസ്ഥത സൃഷ്ടിക്കുംവിധം പിന്തുടരല് (stalking) പ്രത്യേക കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം ചെയ്തവര്‍ക്ക് 10 വര്‍ഷം വരെ പരമാവധി തടവുശിക്ഷ ലഭിക്കുകയും ചെയ്യും.
ഗാര്‍ഹിക പീഢനം അടക്കമുള്ള കേസുകളില്‍ പതിവായി കാണാറുള്ള അപകടകരമായ രീതിയില്‍ അല്ലാതെ കഴുത്ത് ഞെരിക്കല്‍, ശ്വാസം മുട്ടിക്കല്‍ എന്നിവയും പ്രത്യേക കുറ്റകൃത്യമായി കണക്കാക്കി 10 വര്‍ഷം വരെ തടവുശിക്ഷ നല്‍കും.
അതേസമയം ഇത്തരത്തില്‍ അപകടകരമല്ലാത്ത രീതിയില്‍ കഴുത്ത് ഞെരിക്കുകയോ, ശ്വാസം മുട്ടിക്കുകയോ ചെയ്യുന്നത് വഴി ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റാല്‍ ഈ തടവുശിക്ഷ ആജീവനാന്തം തുടരാം.
ഗാര്‍ഹിക പീഢനം പോലുള്ള കേസുകളില്‍ ഏതെങ്കിലും തരത്തില്‍ ഗുരുതരമായി പരിക്കേല്പ്പിച്ചാലുള്ള ശിക്ഷ, അഞ്ചില്‍ നിന്നും 10 വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.
ഇവയ്ക്ക് പുറമെ ഇന്നുമുതല്‍ ഗാര്‍ഡ, നഴ്സുമാര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, ഫയര്‍ ഫോഴ്സ്, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവരെ ഡ്യൂട്ടിക്കിടെ ഏതെങ്കിലും തരത്തില്‍ ആക്രമിച്ചാല്‍ പരമാവധി 12 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു.
കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയാലുള്ള ശിക്ഷ ജീവപര്യന്തമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1861-ല്‍ കൊണ്ടുവന്ന നിയമപ്രകാരം 10 വര്‍ഷമായിരുന്നു ഇതുവരെ ഈ കുറ്റത്തിനുള്ള ശിക്ഷ.