കൗണ്ടി വെക്സ്ഫോര്‍ഡിലെ Enniscorthy-യില്‍ ബുള്‍ ഡോഗിന്റെ (XL Bully) ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെയാണ് 30-ലേറെ പ്രായമുള്ള സ്ത്രീക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വച്ച് പട്ടിയുടെ കടിയേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.
അതേസമയം സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. പട്ടിയെ വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ ഡോഗ് വാര്ഡന് പിടികൂടിയിട്ടുമുണ്ട്.
വാട്ടര്ഫോര്ഡില് കഴിഞ്ഞ വെള്ളിയാഴ്ച സമാന ഇനത്തില്‍ പെട്ട മറ്റൊരു പട്ടിയുടെ കടിയേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷവും വെക്സ്ഫോര്‍ഡില്‍ ഒരു ബുള്‍ ഡോഗിന്റെ കടിയേറ്റ് ആണ്‍കുട്ടിയുടെ മുഖത്ത് പരിക്കേറ്റിരുന്നു. ഇതെത്തുടര്‍ന്ന് അപകടകാരികളായ പട്ടികളുടെ ഇനങ്ങളിലേയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ഇനങ്ങളെ ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. Departments of Agriculture, Rural Development and Housing and Local Government-ന് ആണ് ഇതിനുള്ള അധികാരം. എങ്കിലും ഇക്കാര്യത്തില്‍ തുടര്‍നടപടികളൊന്നും എടുത്തിട്ടില്ല.
അതേസമയം യു.കെയില്‍ ഈ വര്‍ഷം അവസാനത്തോടെ XL Bully ഇനത്തില്‍ പെട്ട നായ്ക്കളെ സര്‍ക്കാര്‍ നിരോധിക്കുമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ഒമ്പത് പേര്‍ക്കാണ് യു.കെയില്‍ ബുള്‍ ഡോഗുകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.