കിയാറന്‍ കൊടുങ്കാറ്റിന്റെ (Storm Ciaran) നാശം വിതയ്ക്കല്‍ തുടരുന്നതിനിടെ അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ ഇന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍. ശക്തമായ കാറ്റും മഴയും മുന്നില്‍ക്കണ്ടാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.
കെറിയില്‍ ഇന്നലെ നല്‍കിയ യെല്ലോ റെയിന്‍ വാണിങ് ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ തുടരും. അതേസമയം ക്ലെയര്‍, കെറി, ഗോള്‍വേ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 5 മണിമുതല്‍ 11 മണി വരെ ശക്തമായ കാറ്റ് വീശും. ഇവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കിയിട്ടുണ്ട്.
കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് രാത്രി 7 മണിമുതല്‍, നാളെ രാവിലെ 7 മണിവരെ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്.
വീശിയടിക്കുന്ന കിയാറന്‍ കൊടുങ്കാറ്റിനൊപ്പമെത്തുന്ന മഴ, പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് (Met Eireann) ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യാത്ര ദുഷ്‌കരമാകുമെന്നത് മുന്നില്‍ക്കണ്ട് ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം.