അയര്‍ലണ്ടില്‍ ഇന്ന് രാത്രി ഭാഗികമായ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചന്ദ്രന്റെ താഴ്ഭാഗം ഭൂമിയുടെ നിഴല്‍ പതിഞ്ഞ് ഇരുട്ടിലാകുന്നതോടെയാണ് ഭാഗികമായ ഗ്രഹണം നടക്കുക.
അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇനി ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നതിനാല്‍, ആളുകള്‍ക്ക് അപൂര്‍വ്വമായ ഈ പ്രതിഭാസം ഇന്ന് രാത്രി വീക്ഷിക്കാമെന്ന് Astronomy Ireland പറയുന്നു.
രാത്രി 9.15-ഓടെ സംഭവിക്കുന്ന ഗ്രഹണം 80 മിനിറ്റോളം തുടരും. ഈ സമയം ചന്ദ്രന്റെ 12% ഭാഗം വരെ ഭൂമിയുടെ നിഴലില്‍ ആകും. സൂര്യവെളിച്ചം പൂര്‍ണ്ണമായും മറയും എന്നതിനാല്‍, മുഴുവനായും കറുത്ത നിറത്തിലാണ് ഈ ഭാഗം കാണപ്പെടുക. മറ്റ് ഭാഗങ്ങളിലെ തിളക്കവും മങ്ങും.
സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ ഒരേ രേഖയില്‍ എത്തുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. നടുവില്‍ വരുന്ന ഭൂമി, സൂര്യവെളിച്ചത്തെ മറയ്ക്കുന്നതോടെ ചന്ദ്രന്‍ ഇരുട്ടിലാകുന്നതിനെയാണ് ചന്ദ്രഗ്രഹണം (Lunar Eclipse) എന്ന് പറയുന്നത്.
അതേസമയം ചന്ദ്രന്‍ മുഴുവനായും കറുത്ത നിറത്തിലോ, ഓറഞ്ച് നിറത്തിലോ കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രഗ്രഹണം 2025 മാര്‍ച്ച് വരെ ഉണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.