അയർലണ്ടിലേയ്ക്ക് വിസ കാത്തിരിക്കുന്ന വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ടെസ്റ്റ് കാലാവധി നീട്ടിനൽകും

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് The Nursing and Midwifery Board of Ireland (NMBI). അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്.

എന്നാല്‍ ജോലി വാഗ്ദാനം ലഭിച്ച ശേഷവും Atypical Working Scheme (AWS) വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍, ടെസ്റ്റ് പാസായതിന്റെ കാലാവധി കഴിയുകയും, നഴ്‌സുമാര്‍ പിന്നീട് വീണ്ടും ടെസ്റ്റിന് ഇരിക്കേണ്ടിവരികയും ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വീണ്ടും ടെസ്റ്റിന് പരിശീലിക്കുക, പങ്കെടുക്കുക എന്നിവയാകട്ടെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതുമാണ്. ടെസ്റ്റ് കാലാവധി തീരുന്നപക്ഷം വാഗ്ദാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടുകയും ചെയ്യും. ഈ സങ്കീര്‍ണ്ണതകള്‍ ചൂണ്ടിക്കാട്ടി Migrant Nurses Ireland (MNI) അടക്കമുള്ള സംഘടനകള്‍ അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചതിനെത്തുടര്‍ന്നാണ് ടെസ്റ്റ് കാലാവധി നീട്ടിനല്‍കുമെന്ന് NMBI അറിയിച്ചിരിക്കുന്നത്.

ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റില്‍ മികച്ച വിജയം നേടുകയും, അയര്‍ലണ്ടില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ ടെസ്റ്റിന്റെ കാലാവധി കഴിയുകയും ചെയ്യുന്നവര്‍ക്ക്, അടുത്ത മൂന്ന് മാസത്തേയ്ക്ക് കൂടി ടെസ്റ്റ് കാലാവധി നീട്ടിനല്‍കുമെന്ന് NMBI വ്യക്തമാക്കി. വിസ ലഭിക്കുന്നതില്‍ കാലതാമസം ഉള്ളതിനാലാണ് ഇവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്തത് എന്നതിന് തെളിവും ലഭിക്കണം.

മലയാളികളടക്കമുള്ള 1,000-ഓളം നഴ്‌സുമാരാണ് AWS വിസ കൃത്യസമയത്ത് ലഭിക്കാത്തത് കാരണം ഈ വര്‍ഷം ആദ്യം മുതല്‍ കഷ്ടതയനുഭവിക്കുന്നത്. പലരും നിലവിലെ ജോലി ഉപേക്ഷിച്ചാണ് മാസങ്ങളായി വിസയ്ക്കായി കാത്തിരിക്കുന്നത്. അതിനാല്‍ വേറെ ജോലി ചെയ്യാനും നിര്‍വ്വാഹമില്ല.

അതേസമയം നിലവില്‍ AWS വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാധാരണ നിലയിലേയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: