രോഗികളുടെ തിക്കും തിരക്കും കാരണം University Hospital Limerick (UHL)-ല്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായി വിമര്‍ശനം. ഹോസ്പിറ്റല്‍ കാംപെയിനറായ മേരി മക്മഹോനാണ് UHL-ലെ ഭീതിജനകമായ അവസ്ഥ, RTE Radio-യുടെ Morning Ireland പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്.
ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ വര്‍ഷങ്ങളായി രോഗികളുടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയാണെന്നും, ഇതിനെപ്പറ്റി ആരോഗ്യമന്ത്രി, HSE, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെല്ലാം അറിവുണ്ടായിട്ടും, ഈ സ്ഥിതി തുടരുകയാണെന്നും മേരി മക്മഹോന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ ഭര്‍ത്താവ് 2018-ല്‍ UHL-ല്‍ ചികിത്സ തേടാനെത്തി ട്രോളിയില്‍ കിടന്നാണ് മരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നേവരെ ഈ തിരക്ക് നിയന്ത്രിക്കുന്നതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സ്ഥിതി വളരെ പേടിപ്പെടുത്തുന്നതാണെന്നും, ചികിത്സ തേടിയെത്തി ട്രോളിയില്‍ കിടന്ന് മരിക്കുന്നതിനെക്കാള്‍, വീട്ടില്‍ വച്ച് മരിക്കുന്നതാണ് ഭേദമെന്നും മക്മഹോന്‍ പറഞ്ഞു. പ്രദേശത്തുള്ളവരെല്ലാം തന്നെ ഇക്കാരണത്താല്‍ UHL-ലെ അടിയന്തരവിഭാഗത്തില്‍ ചികിത്സ തേടാന്‍ മടിക്കുകയാണ്.
എന്നിരുന്നാലും ആശുപത്രിയിലെ ചികിത്സ മികച്ചതാണെന്നും, പക്ഷേ രോഗികളുടെ അമിതമായ തിരക്കാണ് സ്ഥിതി വഷളാക്കുന്നതെന്നും മക്മഹോന്‍ വ്യക്തമാക്കുന്നു. 400,000 പേര്‍ക്ക് ഒരേയൊരു എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാജ്യത്തെ ആരോഗ്യമേഖലയില്‍ അടുത്ത വര്‍ഷത്തോടെ 2,200 പേരെ അധികമായി നിയമിക്കാന്‍ സാധിക്കുമെന്ന് HSE തലവനായ Bernard Gloster പറഞ്ഞു. ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ അനുവദിച്ച ഫണ്ടിങ് സംബന്ധിച്ച് പാര്‍ലമെന്റ് കമ്മിറ്റി ചര്‍ച്ച നടത്തിവരുന്നതിനിടെയാണ് HSE തലവന്റെ പ്രതികരണം. കൃത്യമായി ചികിത്സ നല്‍കാന്‍ സാധിക്കാതിരിക്കുക, രോഗികള്‍ ചികിത്സയ്ക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരിക എന്നിവയ്ക്ക് 2024-ഓടെ വലിയ രീതിയില്‍ പരിഹാരം കാണുമെന്ന് അദ്ദേഹം പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ കഴിഞ്ഞ ദിവസം ബോധിപ്പിച്ചു.