ഡബ്ലിനിലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിമുഴക്കി ഭീഷണിപ്പെടുത്തി പണം കവര്‍ന്നയാളെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. ഡബ്ലിനിലെ Coolock സ്വദേശിയായ പോള്‍ ക്ലാര്‍ക്ക് എന്ന 41-കാരനാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്.
2019 നവംബര്‍ 13-നാണ് Malahide Road-ലെ Lidl സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പ്രതി, തോക്കുപയോഗിച്ച് മേല്‍ക്കൂരയിലേയ്ക്ക് വെടിവച്ച് പരിഭ്രാന്തി പരത്തിയ ശേഷം 1,000 യൂറോയോളം പണവുമായി കടന്നുകളഞ്ഞത്. അക്രമത്തിന്റെയും, കവര്‍ച്ചയുടെയും സിസിടിവി ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു.
പണവുമായി സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തെത്തിയ ക്ലാര്‍ക്ക്, പരിചയക്കാരന്‍ ഓടിച്ച കാറിലാണ് രക്ഷപ്പെട്ടത്. എന്നാല്‍ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന ഗാര്‍ഡ കാര്‍, ക്ലാര്‍ക്കിന്റെ വാഹനം തടയുകയും, പണവും, മയക്കുമരുന്നും കണ്ടെടുത്തതോടെ ഇയാളെയും, ഡ്രൈവറെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നേരത്തെ വധഭീഷണിയടക്കം 115 കേസുകളില്‍ പ്രതിയാണ് ക്ലാര്‍ക്ക്. മറ്റൊരു സംഭവത്തില്‍ കൊള്ള നടത്താന്‍ ശ്രമിച്ചതിന് 2021-ല്‍ പിടിക്കപ്പെട്ട ക്ലാര്‍ക്ക്, ആ കേസില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
അതേസമയം മയക്കുമരുന്ന് ഉപയോഗം, വീടില്ലായ്മ, അവഗണന, അക്രമം എന്നിവ നേരിട്ട കുട്ടിക്കാലമാണ് പിന്നീട് ക്രിമിനല്‍ സ്വഭാവമുള്ളയാളാക്കി ക്ലാര്‍ക്കിനെ മാറ്റിയതെന്ന് കോടതി നിരീക്ഷിച്ചു. ചെറുപ്പത്തില്‍ സഹോദരങ്ങള്‍ക്കായി ഭക്ഷണം മോഷ്ടിക്കുകയും ചെയ്തിരുന്നു ഇയാള്‍.