Aer Lingus വിമാനത്തില്‍ യാത്ര ചെയ്യവേ കൈയില്‍ ചൂടുവെള്ളം വീണ് പൊള്ളിയ പെണ്‍കുട്ടിക്ക് 23,000 യൂറോ നഷ്ടപരിഹാരം. 2019 നവംബര്‍ 30-നായിരുന്നു എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂട് വെള്ളം വീണ് അന്ന് ഏഴ് വയസ് പ്രായമുണ്ടായിരുന്ന Roisin Loughnane-യുടെ കൈയില്‍ പൊള്ളിയത്. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും Aer Lingus വിമാനത്തില്‍ ലാന്‍സറോട്ടേ ദ്വീപിലേയ്ക്ക് അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി.
ഓര്‍ഡര്‍ ചെയ്ത ചായ വിളമ്പുമ്പോള്‍ അബദ്ധത്തില്‍ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ നിന്നും ചൂടുവെള്ളം പെണ്‍കുട്ടിയുടെ കൈയില്‍ വീഴുകയായിരുന്നു. ഇത്തരത്തില്‍ അപകടം സംഭവിക്കുന്നത് തടയാന്‍ മുന്‍കരുതലുകളെടുത്തില്ലെന്നും, പൊള്ളുന്നത്രയും ചൂടുള്ള വെള്ളം വിളമ്പിയെന്നും കാണിച്ച് അമ്മ വഴിയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. Co Offaly-ലെ Birr സ്വദേശിയാണ് Roisin.
പിന്നീട് ചികിത്സ തേടിയ കുട്ടിയുടെ പരിക്ക് പൂര്‍ണ്ണമായും ഭേദമായി.
പരാതി കോടതിയില്‍ വാദം കേള്‍ക്കാതെ പുറത്ത് വച്ച് 23,000 യൂറോ നഷ്ടപരിഹാരം നല്‍കാമെന്നുള്ള കരാറില്‍ ഒത്തുതീര്‍പ്പായി. ഇത് കോടതി അംഗീകരിച്ചു.