ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ചൂട്, ജനപ്രിയ പാനീയമായ ബിയറിന്റെ ഗുണമേന്മയില് കുറവും, അതേസമയം വിലയില്‍ വര്‍ദ്ധനയ്ക്കും കാരണമായേക്കുമെന്ന് ശാസ്ത്രജ്ഞര്‍. മിക്ക ബിയറുകളിലും ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നായ ഹോപ്സ് (hops) എന്ന് വിളിക്കപ്പെടുന്ന ചെടികളുടെ വളര്‍ച്ച, ചൂട് കാരണം മുരടിക്കുന്നതാണ് ഈ പ്രതിസന്ധിയിലേയ്ക്ക് നയിക്കുകയെന്ന് Global Change Research Institute of the Czech Academy of Sciences നടത്തിയ പഠനത്തില്‍ പറയുന്നു.
ചൂടേറിയ കാലാവസ്ഥയ്ക്ക് അനുസൃതമായുള്ള കൃഷി രീതികളിലേയ്ക്ക് മാറിയില്ലെങ്കില്‍ യൂറോപ്യന്‍ പ്രദേശത്തെ ഹോപ്സ് കൃഷി 2050-ഓടെ 4 മുതല്‍ 18% വരെ കുറയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഹോപ്സിലെ ആല്‍ഫ ആസിഡുകളാണ് ബിയറിന്റെ പ്രത്യേകമായ രുചിക്കും, ഗന്ധത്തിനും കാരണം. ഹോപ്സ് കുറഞ്ഞാല്‍ ബിയറിന്റെ രുചി, മണം എന്നിവയും 20-31% വരെ കുറയും. ഭൂമദ്ധ്യരേഖയ്ക്ക് അടുത്ത പ്രദേശങ്ങളിലാണ് ഹോപ്സ് സമൃദ്ധമായി വളരുക.
വെള്ളം, ചായ എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജനപ്രിയമായ പാനീയമാണ് ലഹരി നല്കുന്ന ബിയര്‍. ബാര്‍ലി പോലുള്ള ധാന്യങ്ങള്‍, യീസ്റ്റുമായി ചേര്‍ത്ത് വാറ്റിയെടുക്കുന്ന ബിയറില്‍ ഹോപ്സ് സംസ്കരിച്ച് ചേര്‍ക്കുന്നു.
അതേസമയം ചൂട് കാലാവസ്ഥ മറ്റൊരു പാനീയമായ വൈനിന് ഏറെ ഗുണകരമാണെന്നും പഠനം പറയുന്നു. ഇപ്പോഴുള്ള കാലാവസ്ഥാ മാറ്റം കാരണമുള്ള നല്ല ചൂട്, കനത്ത മഴ എന്നിവ വൈന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുന്തിരി അടക്കമുള്ള ചെടികള്‍ക്ക് വളരെ നന്നായി വളരാന്‍ സാഹചര്യമൊരുക്കും. ഇത് നല്ല ഗുണമേന്മയുള്ള വൈന്‍ നിര്‍മ്മാണത്തിലേയ്ക്ക് നയിക്കുകയും ചെയ്യും.