അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ ഒരു മാസത്തിനിടെ വീണ്ടും വര്‍ദ്ധനയുണ്ടായതായി Central Statistics Office (CSO). ഓഗസ്റ്റില്‍ 6.3% ആയിരുന്ന പണപ്പെരുപ്പം സെപ്റ്റംബറില്‍ 6.4% ആയാണ് ഉയര്‍ന്നത്.
മോര്‍ട്ട്‌ഗേജ് പലിശനിരക്കിലെ വര്‍ദ്ധന, വസ്ത്രങ്ങളുടെയും, ചെരിപ്പുകളുടെയും വിലവര്‍ദ്ധന, വീട്ടില്‍ ഹീറ്റിങ്ങിന് ഉപയോഗിക്കുന്ന ഓയിലിന്റെ വില വര്‍ദ്ധന എന്നിവയാണ് പണപ്പെരുപ്പം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍.
ഒരു മാസത്തിനിടെ 6.3 ശതമാനവും, ഒരു വര്‍ഷത്തിനിടെ 49.5 ശതമാനവും ആണ് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ കുതിച്ചുയര്‍ന്നത്.
ചരക്കുകളുടെ വില ഒരു വര്‍ഷത്തിനിടെ 3.1% വര്‍ദ്ധിച്ചപ്പോള്‍, മോര്‍ട്ട്‌ഗേജ് ഒഴിച്ചുള്ള സേവനങ്ങളുടെ വില 7% ആണ് വര്‍ദ്ധിച്ചത്.
ഭക്ഷ്യവസ്തുക്കളുടെ വാര്‍ഷികവിലവര്‍ദ്ധന 7.5% ആണ്. മാംസം, പഞ്ചസാര, പച്ചക്കറി എന്നിവയുടെ വിലവര്‍ദ്ധന തുടര്‍ന്നപ്പോള്‍, പാല്‍, ബട്ടര്‍ മുതലായവയുടെ വിലയിടിവ് തുടര്‍ന്നു.
വാടകനിരക്കില്‍ ഒരു മാസത്തിനിടെ 0.8 ശതമാനവും, വാര്‍ഷികമായി 7.1 ശതമാനവും വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.
വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില കുറയുമെന്ന് വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെ ഗുണം ഇതുവരെ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ല. അതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതിക്ക് 23.5%, ഗ്യാസിന് 38.7% എന്നിങ്ങനെയാണ് നിലവിലെ വിലവര്‍ദ്ധന.
ഡീസല്‍, പെട്രോള്‍ എന്നീ ഇന്ധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ചെങ്കിലും, വിമാന ടിക്കറ്റുകളില്‍ ഒരു മാസത്തിനിടെ 25% വില കുറഞ്ഞിട്ടുണ്ട്.
പബ്ബുകളില്‍ 7.3 ശതമാനവും, ഹോട്ടലുകളില്‍ 6.4 ശതമാനവും ചെലവ് വര്‍ദ്ധിച്ചു.
ഹെയര്‍ഡ്രസ്സിങ് പോലുള്ള വ്യക്തിപരമായ സേവനങ്ങള്‍ക്ക് 2.7% ചെലവ് കൂടിയപ്പോള്‍, ഹോം ഇന്‍ഷുറന്‍സ് ഒരു വര്‍ഷത്തിനിടെ 8% വര്‍ദ്ധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ നിലവിലെ പണപ്പെരുപ്പം 5% അധികമാണ്.