ഇന്നലെ അവതരിപ്പിക്കപ്പെട്ട ഐറിഷ് സര്‍ക്കാരിന്റെ 2024 ബജറ്റില്‍, വര്‍ദ്ധിച്ച ജീവിതച്ചെലവിന് പരിഹാരം കാണുക, രാജ്യത്ത് തുടരുന്ന ഭവനപ്രതിസന്ധിക്ക് ആശ്വാസമേകുക, തൊഴിലാളികളുടെ മിനിമം ശമ്പളം ഉയര്‍ത്തുക എന്നിങ്ങനെ പ്രതീക്ഷയേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. ധനകാര്യവകുപ്പ് മന്ത്രി മൈക്കല്‍ മക്ഗ്രാത്ത്, പൊതുധനവിനിയോഗവകുപ്പ് മന്ത്രി പാസ്‌കല്‍ ഡോണഹോ എന്നിവര്‍ ചേര്‍ന്നാണ് ബജറ്റ് അവതരണം നടത്തിയത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം:
നികുതി
മെച്ചപ്പെട്ട വരുമാനമുള്ളവര്‍ നല്‍കേണ്ട Universal Social Charge (USC), 4.5 ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി കുറയ്ക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് USC-യില്‍ കുറവ് വരുത്തുന്നത്. അതുപോലെ USC അടയ്ക്കുന്നതിനുള്ള കുറഞ്ഞ വരുമാനം 25,760 യൂറോ ആക്കിയും ഉയര്‍ത്തി.
തൊഴിലാളികള്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ടുന്ന കുറഞ്ഞ വരുമാനം 42,000 യൂറോ ആക്കിയും ഉര്‍ത്തിയിട്ടുണ്ട്.
മിനിമം ശമ്പളം
രാജ്യത്തെ മിനിമം ശമ്പളം മണിക്കൂറിന് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് ഇനിമുതല്‍ 12.70 യൂറോ ആക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ചെറിയ കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാണിത്.
സഹായധനങ്ങള്‍
Personal, Employee PAYE, ഇന്‍കം ടാക്‌സ് ക്രെഡിറ്റ് എന്നിവ 100 യൂറോ വീതം വര്‍ദ്ധിപ്പിക്കും.
Pay Related Social Insurance (PRSI) അടുത്ത വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 0.1% വര്‍ദ്ധിക്കും.
Child Benefit Double Payment, ഓരോ കുട്ടിക്കും 140 യൂറോ അധികനിരക്കില്‍ ക്രിസ്മസിന് മുമ്പായി നല്‍കും. യോഗ്യതയുള്ള കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
വിന്റര്‍ സീസണില്‍ ഊര്‍ജ്ജച്ചെലവ് അധികമാകുന്നത് മുന്നില്‍ക്കണ്ട് രാജ്യത്തെ എല്ലാ വീട്ടുകാര്‍ക്കും 150 യൂറോ വീതമുള്ള മൂന്ന് എനര്‍ജി ക്രെഡിറ്റ്‌സ് നല്‍കും. 2023 അവസാനം മുതല്‍ 2024 ഏപ്രില്‍ വരെ മൂന്ന് ഗഡുക്കളായാണ് ഇവ നല്‍കുക.
മോര്‍ട്ട്‌ഗേജ്
സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ ഉയര്‍ത്തിയതോടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവിന് കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഒരു വര്‍ഷത്തെ Mortgage Interest Tax Relief സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 80,000 യൂറോ മുതല്‍ 500,000 യൂറോ വരെ ആകെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ഉള്ളവര്‍ക്ക് ഈ വരുന്ന ഡിസംബര്‍ 31 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് സഹായം ലഭിക്കും. 2023-ല്‍ മോര്‍ട്ട്‌ഗേജിന് അധികമായി അടയ്ക്കുന്ന പലിശ, 2022-ല്‍ അടച്ച പലിശത്തുകയുമായി താരതമ്യം ചെയ്ത ശേഷമാണ് സഹായം നല്‍കുക. ആദായനികുതിയുടെ 20% ഇത്തരത്തില്‍ ഇളവ് ലഭിക്കും. രാജ്യത്ത് മോര്‍ട്ട്‌ഗേജ് എടുത്ത 165,000-ഓളം പേര്‍ക്ക് ഇത് പ്രയോജനകരമാകും. ഒരു വീടിന് പരമാവധി 1,250 യൂറോ വരെയാണ് മോര്‍ട്ട്‌ഗേജ് പലിശയിളവ് ഇളവ് ലഭിക്കുക.
ഭവനപദ്ധതികള്‍
സര്‍ക്കാരിന്റെ Help-to-Buy പദ്ധതി 2025 അവസാനം വരെ നീട്ടും.
നിലവില്‍ വര്‍ഷം 500 യൂറോ ആയ Rent Tax Credit, 750 യൂറോ ആക്കി ഉയര്‍ത്തും.
വിദ്യാഭ്യാസം
സെക്കന്‍ഡറി സ്‌കൂളികളിലെ ആദ്യ മൂന്ന് വര്‍ഷങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപാഠപുസ്തകങ്ങളും വര്‍ക്ക് ബുക്കുകളും ലഭിക്കും. 770,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപകാരപ്പെടും.
100,000 യൂറോയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നും വരുന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ കോളജ് ഫീസ് പകുതിയായി കുറയ്ക്കും. മറ്റ് കുടുംബങ്ങളിലെ മുഴുവന്‍ സമയ ബിരുദവിദ്യാര്‍ത്ഥികളുടെ ഫീസിലും 1,000 യൂറോ കുറവ് വരുത്തും.
സ്‌കൂളിലേയ്ക്കുള്ള ഗതാഗതസേവനങ്ങളിലെ ഫീസിളവ് ഒരു വര്‍ഷത്തേയ്ക്ക് കൂടി വര്‍ദ്ധിപ്പിക്കും. സ്റ്റേറ്റ് പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കും ഈ ഇളവ് നീട്ടല്‍ ഇത് ബാധകമാണ്.
സാമൂഹികക്ഷേമധനങ്ങള്‍
Home Carer Tax Credit, Single Person Child Care Credit എന്നിവ 100 യൂറോ വീതം വര്‍ദ്ധിപ്പിക്കും.
വൈദ്യുതി, ഗ്യാസ് എന്നിവയില്‍ വരുത്തിയ 9% VAT ഇളവ്, ഒമ്പത് മാസത്തേയ്ക്ക് കൂടി നീട്ടും. ഇതുവഴി ഗ്യാസ്, വൈദ്യുതി എന്നിവയ്ക്ക് ഓരോ വീട്ടുകാരും മാസം ശരാശരി 62, 90 യൂറോ വീതം ലാഭിക്കും.