നാളെ (ഒക്ടോബര്‍ 10, ചൊവ്വ) അവതരിപ്പിക്കാനിരിക്കുന്ന ഐറിഷ് സര്‍ക്കാരിന്റെ പൊതുബജറ്റില്‍ മിക്ക പ്രഖ്യാപനങ്ങള്‍ക്കും അന്തിമതീരുമാനമായതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ധനമന്ത്രി മൈക്കല്‍ മക്ഗ്രാത്ത്, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി പാസ്കല്‍ ഡോണഹോ എന്നിവരും, സഖ്യകക്ഷികളായ പാര്‍ട്ടി നേതാക്കന്മാരും ഇന്നലെ രാത്രിയിലും ചര്‍ച്ചകള്‍ നടത്തി. ഏതാനും ചില കാര്യങ്ങളില്‍ കൂടി കൂട്ടായ തീരുമാനം വേണമെന്നതിനാല്‍ ഇന്നും ചര്‍ച്ച തുടരും.
അതേസമയം ധനമന്ത്രിയായ മൈക്കല്‍ മക്ഗ്രാത്തിന്റെ ആദ്യ ബജറ്റ് അവതരണമാണിത്.
സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍, പെന്ഷന് എന്നിവയില്‍ ആഴ്ചയില്‍ 15 യൂറോ വീതം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ഏറ്റവും അവസാനമായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനും ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും. അങ്ങനെ വന്നാല്‍ 2024 ജനുവരി മുതലുള്ള ഓരോ അദ്ധ്യയനവര്‍ഷത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് 300 യൂറോയിലധികം ഗ്രാന്റ് തുക അധികമായി ലഭിക്കും.
മോര്‍ട്ട്ഗേജ് പലിശനിരക്കുകള്‍ വര്‍ദ്ധിച്ചതോടെ തിരിച്ചടവ് തുക കണ്ടെത്താന്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുമെന്ന് സൂചനയുണ്ട്.