പല്ലിന് നടത്തിയ ശസ്ത്രക്രിയ പാളി; ഗോൾവേയിൽ രോഗിക്ക് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം

ദന്തരോഗത്തിനായി നടത്തിയ ശസ്ത്രക്രിയയില്‍ പാളിച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് രോഗിക്ക് 1 ലക്ഷം യൂറോയോളം നഷ്ടപരിഹാരം പരിഹാരം നല്‍കണമെന്ന് കോടതി വിധി. ശ്രീലങ്കന്‍ സ്വദേശിനിയായ നമാലി ഗുണതിലകെ എന്ന 60-കാരിക്കാണ് ഈ തുക നഷ്ടപരിഹാരം നല്‍കാന്‍ ഇവരെ ചികിത്സിച്ച കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള ഡെന്റല്‍ ക്ലിനിക് ഉടമകളായ Eduard Bujevics, Norbert Szente എന്നിവരോട് കോടതി ഉത്തരവിട്ടത്.

ഗോള്‍വേയില്‍ താമസിക്കുന്ന നമാലി, 2013-ലാണ് പല്ലിന് കേടുപാട് വന്നതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഒരു സുഹൃത്ത് ഉപദേശിച്ച പ്രകാരം ആരോപണവിധേയരായ സ്ഥാപനത്തില്‍ എത്തുന്നത്. തുടര്‍ന്ന് സ്ഥാപനം ഇവരുടെ പല്ലുകള്‍ മാറ്റിവയ്ക്കുക അടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തെങ്കിലും, ചികിത്സയിലെ പിഴവ് മൂലം ഇത്രയും കാലമായി പല്ലുവേദന അനുഭവിക്കുകയാണ് നമാലി. ഗോള്‍വേയില്‍ പ്രീസ്‌കൂള്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇവര്‍, കടം വാങ്ങിയാണ് ചികിത്സ നടത്തിയത്.

കോടതിയില്‍ ലഭിച്ച തെളിവുകളുടെയും, വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെയും ബലത്തില്‍, സ്ഥാപനം നടത്തിയ ശസ്ത്രക്രിയയിയല്‍ പിഴവ് വന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. ഒപ്പം സാധാരണഗതിയില്‍ ചെയ്യുന്ന രീതിയിലുള്ള ശസ്ത്രക്രിയയല്ല നമാലിക്ക് ചെയ്തതെന്നും മനസിലാക്കിയ കോടതി, 99,789 യൂറോ ഇവര്‍ക്ക് നഷ്ടടപരിഹാരം നല്‍കണമെന്ന് സ്ഥാപനത്തോട് ഉത്തരവിട്ടു. വിചാരണ നടക്കുന്ന സമയം സ്ഥാപനത്തിനായി ആരും കോടതിയില്‍ ഹാജരായിരുന്നില്ല.

ശസ്ത്രക്രിയ ശരിയായി ചെയ്യാത്തത് കാരണം നമാലിയുടെ പല്ലിന് പിന്നീട് രോഗം ബാധിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരത്തിലെ 10,000 യൂറോ ഇവര്‍ സഹിക്കേണ്ടിവന്ന മാനസികബുദ്ധിമുട്ടിനാണെന്നും കോടതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: