ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഈ വിഷയം ഒന്നിലധികം പാർലമെന്റ് അംഗങ്ങളെകൊണ്ട് പാർലമെന്റിൽ ചോദ്യമായി ഉന്നയിക്കുകയും അതുവഴി ഈ വിഷയം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൂടാതെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഇക്കഴിഞ്ഞ മെയ് ഒൻപതാം തിയ്യതി പാർലമെന്റിന്റെ എ വി ഹാളിൽ നിരവധി പാർലമെന്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഈ വിഷയം അവതരിപ്പിച്ചിരുന്നു.
പിന്നീട് ജൂലൈ 12ന് പാർലമെന്റ് സ്പീക്കർ ഷോൺ ഓ ഫിയർഗെയിലിന്റെ ചേമ്പറിൽ ചേർന്ന ബന്ധപ്പെട്ട വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശപ്രകാരം ക്രിട്ടിക്കൽ സ്കിൽ പെർമിറ്റിന് കെയർ അസ്സിസ്റ്റന്റുമാരെയും ഉൾപ്പെടുത്തണം എന്നാവശ്യപ്പെടുന്ന ഒരു സബ്മിഷൻ മൈഗ്രന്റ് നഴ്സസ് അയർലണ്ട് സമർപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി കെയർ അസ്സിസ്റ്റന്റുമാർ QQI ലെവൽ 5 കോഴ്സ് ചെയ്യണം എന്ന നിബന്ധന സർക്കാർ എടുത്തുകളയാൻ തീരുമാനിച്ചു. എന്നാൽ ഫാമിലി വിസ അനുവദിക്കുന്ന കാര്യം തീരുമാനമായിരുന്നില്ല.
അതിനാൽ ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും എത്രയും വേഗം തീരുമാനം ഉണ്ടാക്കുന്നതിനും വേണ്ടി ഈ വരുന്ന ഒക്ടോബർ 17-ആം തിയ്യതി, ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഐറിഷ് പാർലമെന്റിനു മുൻപിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ സമാധാനമായി ഒത്തുചേർന്ന് ഈ പ്രശ്നം സർക്കാരിന്റെയും പൊതുജനങ്ങളുടെയും മുൻപിൽ കൊണ്ടുവരും. പ്രസ്തുത യോഗത്തെ അയർലണ്ടിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ അഭിവാദ്യം ചെയ്തു സംസാരിക്കും.
ഈ ആവശ്യങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരും ഒത്തുചേരലില്‍ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.