അയര്‍ലണ്ടില്‍ ഭവനവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് ഒരു ത്രീ-ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 300,000 യൂറോ കടന്നതായി Real Estate Alliance (REA)-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിൽ വില ഇത്രയും വർദ്ധിക്കുന്നത്.
അയര്‍ലണ്ടിലെ പ്രധാന ടൗണുകളിലെ ഭവനവില കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 2% ആണ് വര്‍ദ്ധിച്ചത്. ഡബ്ലിന്‍ അടക്കമുള്ള പ്രധാന നഗരങ്ങളെക്കാള്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.
ഡബ്ലിനില്‍ ഈ മൂന്ന് മാസത്തിനിടെ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 0.8% ആണ്. ഇതോടെ ഇവിടെ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ചഡ് വീടിന്റെ ശരാശരി വില നിലവില്‍ 504,167 യൂറോയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.3% ആണ് വിലവര്‍ദ്ധന.
ദേശീയ തലത്തില്‍ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ചഡ് വീടിന്റെ ശരാശരി വില ഇപ്പോള്‍ 301,370 യൂറോ ആണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.4 ശതമാനവും, ഒരു വര്‍ഷത്തിനിടെ 3.7 ശതമാനവുമാണ് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈ വിഭാഗത്തിലുണ്ടായ വില വര്‍ദ്ധനയാകട്ടെ 28 ശതമാനവും.
ഒപ്പം ഡബ്ലിനില്‍ ആദ്യമായി വീട് വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം ആദ്യമായി വീട് വാങ്ങുന്നവരുടെ (first-time buyers) ആകെ എണ്ണം 72% ആയിരുന്നത്, ഇത്തവണ 43% ആയി കുറഞ്ഞു. പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ന്നതാണ് ഇതിന് കാരണം.
നിലവില്‍ വീടുകളുടെ ദൗര്‍ലഭ്യത്തിനൊപ്പം, ഉയര്‍ന്ന പലിശനിരക്ക് കൂടിയായതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണെന്ന് REA പറയുന്നു. ഇതോടെ പലരും തങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് വീട് വാങ്ങാനായി മറ്റ് കൗണ്ടികളിലേയ്ക്ക് സഞ്ചരിക്കുന്ന അവസ്ഥയാണ്.
REA-യുടെ അവസാനത്തെ സര്‍വേയെ അപേക്ഷിച്ച് ശരാശരി വില വര്‍ദ്ധിക്കാതിരുന്നത് Wicklow, Roscommon, Galway city, South Dublin, Cavan, Clare എന്നിവിടങ്ങളിലാണ്. Sligo-യിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഭവനവില ഏറ്റവുമധികം വര്‍ദ്ധിച്ചത്. എന്നാല്‍ ഇവിടെ ഒരു ത്രീ ബെഡ് സെമി ഡിറ്റാച്ചഡ് വീടിന്റെ ശരാശരി വില മറ്റിടങ്ങളെ അപേക്ഷിച്ച് കുറവാണ് (215,000 യൂറോ).