അറ്റ്ലാന്റിക് സമുദ്രം കടന്നുവരുന്ന കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിവിധ കൗണ്ടികളില്‍ ഞായറാഴ്ച നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബുധനാഴ്ചയോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് Met Eireann വ്യക്തമാക്കിയിരിക്കുന്നത്.
അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 165 കി.മീ വരെ വേഗത്തില്‍ കൊടുങ്കാറ്റും വീശിയടിക്കും. Cork, Kerry, Limerick, Clare എന്നിവിടങ്ങളെയാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ബാധിക്കുക.
ബുധനാഴ്ച വൈകി ആരംഭിക്കുന്ന ശക്തമായ കാറ്റും മഴയും രാത്രിയിലും തുടരും. പ്രാദേശികമായ വെള്ളപ്പൊക്കത്തിനൊപ്പം ഇത് യാത്രയും ദുഷ്‌കരമാക്കും. 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില.
രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളെ കാര്യമായി ബാധിക്കുന്ന കൊടുങ്കാറ്റിനും മഴയ്ക്കും വ്യാഴം, വെള്ളി ദിവസങ്ങളോടെ വലിയ അളവിൽ തീവ്രത കുറയുമെങ്കിലും, ശനി, ഞായര്‍ ദിവസങ്ങളില്‍ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.