കാൽപ്പന്ത് ആരവങ്ങൾക്കൊപ്പം കൂടിച്ചേരലിന്റേയും, സൗഹൃദത്തിന്റേയും ലോകം തിരിച്ച് പിടിക്കാനുള്ള യാത്രയിൽ അയർലണ്ടിലെ പ്രവാസി കൂട്ടായ്മയായ വാട്ടർ ഫോർഡ് ടൈഗേർസ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.
പ്രവാസജീവിതത്തിലെ മനം മടുപ്പിക്കുന്ന ജോലിത്തിരക്കുകൾക്കും, വ്യക്തിഗതമായ പ്രയാസങ്ങൾക്കും അവധി നൽകി, ഒക്ടോബര്‍ 29-ന് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സെവൻസ് ഫുട്ബോൾ മേളയുമായി വാട്ടർഫോഡ് ടൈഗേഴ്സ് ജനശ്രദ്ധയാകർഷിക്കുകയാണ്.
രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന ഫുട്ബോൾ മേളയിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും.
രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
തുടർച്ചയായ അഞ്ചാം വർഷമാണ് ഈ മേള വാട്ടർഫോഡിൽ അരങ്ങേറുന്നത്. മുൻ വർഷങ്ങളിൽ ഏറെ ജനശ്രദ്ധ നേടിയ ഈ ടൂർണമെന്റിന്റെ ആരവങ്ങൾക്കായി കാത്തിരിക്കുകയാണ് അയർലണ്ട് മലയാളി സമൂഹം.