ഐറിഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ജനാധിപത്യവിരുദ്ധ പ്രതിഷേധം; കടുത്ത വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ; 13 അറസ്റ്റ്

ഐറിഷ് പാര്‍ലമെന്റ് (Dail) മന്ദിരമായ Leinster House-ന് മുന്നില്‍ ബുധനാഴ്ച നടന്ന ആക്രമണോത്സുകവും, ജനാധിപത്യവിരുദ്ധവുമായ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനം. കൃത്യമായ ഒരു സംഘടനയുടെയോ, നേതാവിന്റെയോ കീഴിലല്ലാതെ സംഘടിച്ചെത്തിയ 200-ഓളം പേരാണ് പാര്‍ലമെന്റ് അംഗങ്ങളെയും, പത്രപ്രവര്‍ത്തകരെയുമടക്കം പാര്‍ലമെന്റില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കാതെ വഴിതടഞ്ഞ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഗാര്‍ഡയുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്.

വഴിതടയലിന് പുറമെ രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും, ജനപ്രതിനിധികളെയും രാജ്യദ്രോഹികളെന്ന് വിളിച്ച പ്രതിഷേധക്കാര്‍, തൂക്കുമരങ്ങളുടെ മാതൃകയുണ്ടാക്കി അതില്‍ രാഷ്ട്രീയക്കാരുടെ ചിത്രം തൂക്കിയിടുകയും ചെയ്തു. പ്രധാനമന്ത്രി ലിയോ വരദ്കര്‍, Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി ആയ Paul Murphy എന്നിവരുടെ ചിത്രങ്ങള്‍ ഇതില്‍ പെടുന്നു.

സാധാരണയായി പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലെയല്ല ഇതെന്ന് പറഞ്ഞ രാഷ്ട്രീയനേതാക്കള്‍, പ്രതിഷേധക്കാര്‍ നടത്തിയ കൊലവിളികളും, മോശം വാക്കുകളുടെ ഉപയോഗവും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ വംശീയ കുറ്റകൃത്യ ബില്ലിനെതിരെയായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരലെന്ന് തോന്നിപ്പിച്ചെങ്കിലും, കുടിയേറ്റവിരുദ്ധരും, LGBTQ വിരുദ്ധരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ Leinster House-ന് ചുറ്റും 1.6 കി.മീ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനുള്ള ഗാര്‍ഡ നിര്‍ദ്ദേശത്തെ Fianna Fail ടിഡി ആയ Jim O’Callaghan, Fine Gael സെനറ്ററായ Barry Ward അടക്കം പല രാഷ്ട്രീയനേതാക്കളും എതിര്‍ത്തു. അയര്‍ലണ്ടിലെ രാഷ്ട്രീയക്കാരും, ജനപ്രതിനിധികളും ജനങ്ങള്‍ക്ക് എപ്പോഴും പ്രാപ്യരായിരിക്കണമെന്നും, അവരെ അകറ്റി നിര്‍ത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: