2023-ലെ ബുക്കര്‍ പ്രൈസിനുള്ള ചുരുക്കപ്പട്ടികയില്‍ ഐറിഷ് എഴുത്തുകാരായ പോള്‍ ലിഞ്ച് (Paul Lynch), പോള്‍ മറേ (Paul Murray) എന്നിവര്‍. ബുക്കര്‍ പ്രൈസ് കമ്മിറ്റി ചെയര്‍വുമണായ കനേഡിയന്‍ നോവലിസ്റ്റ് എസി എഡ്യൂജനാണ് (Esi Edugyan) പട്ടിക പുറത്തുവിട്ടത്.
ഐറിഷ് എഴുത്തുകാര്‍ക്ക് പുറമെ മൂന്ന് വടക്കേ അമേരിക്കന്‍ എഴുത്തുകാര്‍, ഒരു ബ്രിട്ടിഷ് എഴുത്തുകാരി എന്നിവരാണ് ആറംഗ ചുരുക്കപ്പട്ടികയിലുള്ളത്.
തന്റെ ‘Prophet Song’ എന്ന നോവലിനാണ് ഐറിഷ് എഴുത്തുകാരനായ പോള്‍ ലിഞ്ച് ബുക്കര്‍ പ്രൈസ് നാമനിര്‍ദ്ദേശം നേടിയത്. പുതുതായി രൂപീകരിച്ച ഐറിഷ് രഹസ്യ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നയാളുടെ ശാസ്ത്രജ്ഞയായ ഭാര്യയുടെ കഥയാണ് ഈ നോവല്‍.
പട്ടികയിലുള്‍പ്പെട്ട മറ്റൊരു ഐറിഷ് എഴുത്തുകാരനായ പോള്‍ മറേയുടെ, ‘The Bee Sting’ എന്ന നോവലാണ് അദ്ദേഹത്തെ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയിലെത്തിച്ചത്. 2008-ലെ സാമ്പത്തികത്തകര്‍ച്ചയെ നേരിടുന്ന ഒരു ഐറിഷ് കുടുംബത്തിന്റെ കഥയാണിത്.
പട്ടികയിലെ ബാക്കിയുള്ള എഴുത്തുകാരും, കൃതികളും ഇവയാണ്:
Chetna Maroo (UK)- Western Lane
Jonathan Escoffey (US)- If I Survive You
Sarah Bernstein (Canada)- Study for Obideince
Paul Harding (US)- This Other Eden
നവംബര്‍ 26-ന് ലണ്ടനിലെ ഓള്‍ഡ് ബില്ലിങ്സ്ഗേറ്റില്‍ വച്ച് നടത്തപ്പെടുന്ന ചടങ്ങിലാണ് 2023 ബുക്കര്‍ പ്രൈസ് വിജയിയെ പ്രഖ്യാപിക്കുക. 50,000 പൗണ്ടും (57,000 യൂറോ), ഐറിഷ് എഴുത്തുകാരനായ ഐറിസ് മര്‍ഡോക്കിന്റെ (Iris Murdoch) പേരിലുള്ള ‘Iris’ ട്രോഫിയുമാണ് സമ്മാനം.