അയര്‍ലണ്ടില്‍ ആദ്യമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം. നേരത്തെ നിര്‍മ്മിക്കപ്പെട്ട വീട് വാങ്ങുന്നവരല്ലാതെ, സ്വന്തമായി പുതിയ വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ The First Home Scheme വിപുലീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
പുതുതായി പണികഴിപ്പിച്ച വീട്/ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്കും, വീട്ടുടമ വില്‍ക്കാന്‍ തയ്യാറായ വീട്ടില്‍ താമസിക്കുന്ന വാടകക്കാര്‍ക്കും മാത്രമായിരുന്നു നേരത്തെ ഈ പദ്ധതി വഴി സഹായം ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ പദ്ധതിയിലേയ്ക്ക് പുതുതായി വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നും, ആകെയുള്ള നിര്‍മ്മാണച്ചെലവിന്റെ 30% ധനസഹായം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്വന്തമായി സ്ഥലമുള്ള, അതേസമയം വീട് വയ്ക്കാനുള്ളത്ര സമ്പാദ്യം കൈയിലില്ലാത്തവരെ സഹായിക്കുകയാണ് പദ്ധതി വിപുലീകരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭവനമന്ത്രി ഡാര ഒബ്രിയന്‍ പറഞ്ഞു. റൂറല്‍ ഏരിയകളില്‍ താമസിക്കുന്നവര്‍ക്കാണ് പദ്ധതി കാര്യമായും ഗുണം ചെയ്യുക.
ബുധാഴ്ച മുതല്‍ പദ്ധതിയിലേയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്.