അയര്‍ലണ്ടില്‍ ഭവനവില വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞു. അതേസമയം മോര്‍ട്ട്ഗേജ് തിരിച്ചടവ് കുത്തനെ ഉയര്‍ന്നുവെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഭവനവില 1.5% എന്ന നിരക്കിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഭവനവില ഇത്രയും ചെറിയ നിരക്കില്‍ വര്‍ദ്ധിക്കുന്നത്.
അതേസമയം ഈയിടെ തുടര്‍ച്ചയായി ഒമ്പത് തവണ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് നടപടി കാരണം മോര്‍ട്ട്ഗേജ് തിരിച്ചടവുകള്‍ കുതിച്ചുയര്‍ന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
ഡബ്ലിനില്‍ ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് 1.4% ആണ് വില കുറഞ്ഞത്. 2020 നവംബറിന് ശേഷം ഇത്രയും വില കുറയുന്നത് ഇതാദ്യമായാണ്.
അതേസമയം ഡബ്ലിന്‍ പുറത്തുള്ള പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 3.8% വില വര്‍ദ്ധിക്കുകയാണ് ചെയ്തത്.