അയര്‍ലണ്ടില്‍ ഇന്ന് (ചൊവ്വ) വൈകിട്ടും, രാത്രിയിലുമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനൊപ്പം, യാത്ര ദുര്‍ഘടമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 6 മണിമുതല്‍ നാളെ പുലര്‍ച്ചെ 3 മണിവരെ Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും.
ഇതിന് പുറമെ വൈകിട്ട് 5 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിവരെ West Galway, Kerry എന്നിവിടങ്ങളില്‍ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്.
ഇന്ന് 16 മുതല്‍ 20 ഡിഗ്രി വരെയാകും രാജ്യത്തെ ഉയര്‍ന്ന താപനില. ഈയാഴ്ചയുടനീളം വെയിലും മഴയും കലര്‍ന്ന കാലാവസ്ഥയായിരിക്കുമെന്നും, ഇടയ്ക്ക് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.