ഡബ്ലിനില്‍ എയര്‍പോര്‍ട്ടില്‍ കത്തിക്കുത്ത്. ഞായറാഴ്ചയാണ് പ്രകോപനങ്ങളൊന്നുമില്ലാതെ 50 വയസിലേറെ പ്രായമുള്ള ഒരാള്‍ ആളുകളെ ആക്രമിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പരിക്കേറ്റ ഒരു മദ്ധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം ടെര്‍മിനലിന് പുറത്ത് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
അക്രമം കാണിച്ചയാളെ വൈകാതെ തന്നെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. Air Navigation Transport Act പ്രകാരം എയര്‍പോര്‍ട്ടിലും, അതിന് കീഴിലുള്ള പ്രദേശത്തും അക്രമം കാണിക്കുന്നവരെ തടയാനും, പരിശോധിക്കാനും, പിടിച്ചുവയ്ക്കാനും എയര്‍പോര്‍ട്ട് പൊലീസിന് അധികാരമുണ്ട്.
അക്രമി അയര്‍ലണ്ടുകാരനല്ലെന്നും, ചുറ്റുമുള്ളവരെ യാതൊരു പ്രകോപനവുമില്ലാതെ കുത്തുകയായിരുന്നുവെന്നുമാണ് എയര്‍പോര്‍ട്ടിലെ ഒരു ജോലിക്കാരന്റെ മൊഴി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുന്ന ഗാര്‍ഡ സാക്ഷിമൊഴികളും, തെളിവുകളും പരിശോധിക്കുകയാണ്. അക്രമം കണ്ടവരുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
അതേസമയം അക്രമസംഭവം കാരണം വിമാനസര്‍വീസുകള്‍ക്ക് തടസമൊന്നും നേരിട്ടിട്ടില്ലെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരായ ഡിഎഎ അറിയിച്ചു.