അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റ് വർദ്ധിപ്പിക്കും; 800 യൂറോ വരെ ഉയർത്താൻ മന്ത്രിയുടെ ശ്രമം

അയര്‍ലണ്ട് സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ വാടക്കാര്‍ക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കും. നിലവില്‍ 500 യൂറോയാണ് പരമാവധി റെന്റ് ക്രെഡിറ്റായി ഒരു വ്യക്തിക്ക് ലഭിക്കുക. ഇത് 800 യൂറോ വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഭവനമന്ത്രി Darragh O’Brien സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. വാടക നല്‍കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനം.

റെന്റ് ടാക്‌സ് ക്രെഡിറ്റിന് പുറമെ ചെറിയ വീട്ടുടമകള്‍ക്കുള്ള ടാക്‌സ് ഇളവും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാതെ പിന്തിരിയുന്നതിന് ഇതുവഴി പരിഹാരം കാണാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പോയ വര്‍ഷങ്ങളില്‍ ചെറിയ വീട്ടുടമകള്‍ ധാരാളമായി വീട് വാടകയ്ക്ക് കൊടുക്കുന്നത് നിര്‍ത്തിയത് ഭവനപ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.

ഇതിനിടെ വാടക്കാരുടെ അവകാശസംരക്ഷണത്തിനായി കൂടുതല്‍ നടപടികള്‍ വേണമെന്ന് Sinn Fein വക്താവ് Eoin O’Broin സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റെന്റ് ക്രെഡിറ്റിനൊപ്പം മൂന്ന് വര്‍ഷത്തേയ്ക്ക് വാടകവര്‍ദ്ധന നിരോധനമടക്കമുള്ള നടപടികളാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ന് ശേഷം വാടകനിരക്ക് 37 ശതമാനത്തിലധികം വര്‍ദ്ധിച്ചത് ഇത്തരമൊരു നടപടിയുടെ ആവശ്യകത വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024-ല്‍ ഏറ്റവും കുറഞ്ഞത് 20,000 സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കണമെന്നും O’Broin പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: