ഗോള്‍വേയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുരുഷനെയും, സ്ത്രീയെയും കാറിടിപ്പിച്ചതടക്കമുള്ള അക്രമസംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒരുകൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അക്രമത്തിലേയ്ക്ക് നീങ്ങിയെന്നാണ് കരുതുന്നത്. കാറിടിച്ച് പരിക്കേറ്റവരടക്കം നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
വെള്ളിയാഴ്ച രാവിലെ ഗോള്‍വേയില്‍ നിന്നും മൂന്ന് പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആകെ പിടിയിലായവരുടെ എണ്ണം 15 ആയത്.
അക്രമസംഭവത്തിന്റെയും, കാര്‍ ഇടിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. ഗാര്‍ഡ അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച വൈകിട്ട് 5.45 മുതല്‍ 6.45 വരെ ഗോള്‍വേയിലെ College Road- Headford Road പ്രദേശത്ത് ഉണ്ടായിരുന്നവരോ, അക്രമത്തിലേയ്ക്ക് നയിക്കുന്ന എന്തെങ്കിലും കണ്ടിട്ടുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. സിസിടിവി, കാറിലെ ഡാഷ് ക്യാമറ ദൃശ്യങ്ങളും പരിശോധിക്കണം. തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:
Galway Garda Station at 091 538 000
Garda Confidential Line at 1800 666 111