അയര്‍ലണ്ടിലെ സാമൂഹികക്ഷേമ സഹായധനങ്ങള്‍ കുറഞ്ഞത് 25 യൂറോയെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ 2024 ബജറ്റില്‍ നടപടികള്‍ വേണമെന്ന് Social Justice Ireland. ഇതില്‍ തന്നെ കുട്ടികളുടെ ദാരിദ്ര്യം പരിഹരിക്കാനായി Child Benefit Payment-ല്‍ 50 യൂറോയുടെ വര്‍ദ്ധന വരുത്തി 190 യൂറോ ആക്കണമെന്നും സമിതി പറയുന്നു. ഒക്ടോബര്‍ 10-നാണ് 2024 ബജറ്റ് അവതരണം.
ജീവിതച്ചെലവ് അത്രകണ്ട് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ സാമൂഹികക്ഷേമ ധനങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് Social Justice Ireland വ്യക്തമാക്കി. അയര്‍ലണ്ടിലെ കുട്ടികള്‍ ദാരിദ്ര്യമനുഭവിക്കുന്നത് തുടരുന്നതിനും പരിഹാരം കാണണം.
അതേസമയം സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായ Heather Humphreys, കഴിഞ്ഞ ബജറ്റിന് സമാനമായി ഒറ്റത്തണ നല്‍കുന്ന ബോണസ് പേയ്‌മെന്റുകള്‍ ഈ ബജറ്റിലും പ്രഖ്യാപിക്കാന്‍ ശ്രമം നടത്തുന്നതായാണ് വിവരം. Fuel Allowance, Working Family Payment, Living Alone Allowance എന്നിവയിലെല്ലാം ഇത്തരത്തില്‍ ഒറ്റത്തവണത്തെ ബോണസ് നല്‍കാനാണ് ശ്രമം. എന്നാല്‍ ഇത്തരത്തില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രം ബോണസ് നല്‍കുന്നത് ബജറ്റിനെ പിന്നോക്കം നയിക്കുന്ന നടപടിയായിരിക്കുമെന്ന് Social Justice Ireland മുന്നറിയിപ്പ് നല്‍കുന്നു. പകരം നിലവിലെ സാമൂഹികക്ഷേമ ധനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും സമിതി വ്യക്തമാക്കുന്നുണ്ട്.