അയര്‍ലണ്ടിലെ ജനകീയമായ The Late Late Show-യുടെ പുതിയ സീസണ് ഇന്ന് രാത്രി മുതല്‍. RTE ശമ്പളവിവാദത്തിന് ശേഷം പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും Ryan Tubridy-യെ മാറ്റിയതോടെ വടക്കന്‍ അയര്‍ലണ്ട് ടിവി അവതാരകനായ Patrick Kielty-യാണ് ഇനിമുതല്‍ ഷോ അവതരിപ്പിക്കുക.
അതേസമയം പരിപാടിയുടെ പ്രധാന സ്പോണ്‍സറായ Renault നേരത്തെ കരാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് Permanent TSB ആണ് പുതിയ പ്രായോജകര്‍.
അവതാരകനായ Tubridy-ക്ക് അനധികൃതമായി വര്‍ഷം 75,000 യൂറോ അധികശമ്പളം നല്‍കിയെന്ന് ജൂണ്‍ മാസത്തില്‍ വിവാദമുയര്‍ന്നതോടെ RTE മേധാവിയായ Dee Forbes രാജിവയ്ക്കുകയും, Kevin Bakhurst പുതിയ ഡയറക്ടര്‍ ജനറലായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു.
1962-ല്‍ ദേശീയചാനലായ RTE-യില്‍ ആരംഭിച്ച The Late Late Show, സ്റ്റുഡിയോയില്‍ കാഴ്ചക്കാര്‍ക്ക് മുമ്പില്‍ വച്ചാണ് ലൈവായി ഷൂട്ട് ചെയ്ത് സംപ്രേഷണം ചെയ്യുന്നത്. സംഭാഷണം, കോമിക് സ്കെച്ചുകള്‍, സംഗീതപരിപാടികള്‍, വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉള്‍പ്പെട്ടതാണ് ഈ ചാറ്റ് ഷോ. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം സംപ്രേഷണം ചെയ്ത രണ്ടാമത്തെ ലേറ്റ് നൈറ്റ് ടോക്ക് ഷോയുമാണ് The Late Late Show.
സെപ്റ്റംബര്‍ മുതല്‍ മെയ് വരെ എല്ലാ വെള്ളിയാഴ്ചയും രാത്രി 9.30 മുതല്‍ രണ്ട് മണിക്കൂറിലധികം നേരത്തേയ്ക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.