വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,800 കടന്നു. സ്പെയിന്, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സെപ്റ്റംബര്‍ 8-ന് രാത്രിയാണ് മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വ്വതമേഖയില്‍ നിന്നും 6.8 തീവ്രതയുള്ള ഭൂചലനം ഉത്ഭവിച്ചത്. പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളെയും, ഇവിടെ നിന്നും 72 കി.മീ അകലെയുള്ള മാരിക്കേഷ് നഗരത്തെയുമാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്.
ചെളിയും, കല്ലുകൊണ്ടുണ്ടാക്കിയ ധാരാളം വീടുകള്‍ ഈ പ്രദേശത്തുള്ളത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
ഇന്ത്യ, യുഎഇ, ഖത്തര്‍, റൊമാനിയ അടക്കമുള്ള രാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായഹസ്തം നീട്ടിയിട്ടുണ്ട്.
2,862 പേര് മരിച്ചതായും, 2,562 പേര്‍ക്ക് പരിക്കേറ്റതായുമാണ് മൊറോക്കോയിലെ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഭൂകമ്പം നാശം വിതച്ച ടിന്‍മെല്‍ ഗ്രാമത്തിലെ ഏകദേശം എല്ലാ വീടുകളും തകര്‍ന്നതോടെ ഗ്രാമവാസികളെല്ലാവരും ഭവനരഹിതരായി.
യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച നഗരമാണ് മാരിക്കേഷ്. 12-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ടിന്‍മെല്‍ പള്ളിക്കും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.