അയര്‍ലണ്ടില്‍ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളുടെയും, ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധന. 2022-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സമാനലിംഗത്തിലുള്ള പങ്കാളികളുടെ എണ്ണം 10,393 ആണ്. മുമ്പ് സെന്‍സസ് നടന്ന 2016-നെ അപേക്ഷിച്ച് 72% അധികമാണിത്.
ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണം 86 ശതമാനവും വര്‍ദ്ധിച്ചു.
വികസിതരാജ്യമെന്ന നിലയില്‍ ഐറിഷ് സമൂഹം ഭിന്നലൈംഗിക താല്പര്യമുള്ളവരെ കൂടുതലായി സ്വീകരിക്കാന്‍ തയ്യാറാകുകയും, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും അവരെ കൂടുതലായി പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ തെളിവായാണ് ഇതിനെ കണക്കാക്കുന്നത്. സ്വവര്‍ഗ്ഗലൈംഗിക താല്പര്യമുള്ള വ്യക്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറിയതും ഐറിഷ് സമൂഹം ഏറെ മുന്നേറി എന്നതിന് അടിവരയിടുന്നു.
ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ദ്ധനയുണ്ടായത് Meath-ലാണ്- 152%. 143% വര്‍ദ്ധനയുമായി Roscommon ആണ് രണ്ടാം സ്ഥാനത്ത്.
അയർലണ്ടിലെ കുട്ടികൾ
സെന്‍സസിലെ മറ്റൊരു പ്രധാന വസ്തുത, രാജ്യത്തെ 15 വയസില്‍ താഴെയുള്ള മൂന്നില്‍ ഒന്ന് കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ചൈല്‍ഡ് കെയറില്‍ പോകുന്നുണ്ട് എന്നതാണ്. ഇതില്‍ 50,000 കുട്ടികള്‍ പ്രീ- പ്രൈമറി സ്കൂള്‍ പ്രായക്കാരാണ്. ചൈല്‍ഡ് കെയറില്‍ പോകുന്ന ആകെ കുട്ടികളില്‍ മൂന്നിലൊന്നും ഐറിഷുകാരാണെന്നിരിക്കെ, അയര്‍ലണ്ടിലെ പ്രബല പ്രവാസിസമൂഹങ്ങളായ ഇന്ത്യക്കാരുടെയും, പോളണ്ടുകാരുടെയും കുട്ടികള്‍ അഞ്ചില്‍ ഒന്ന് വരും.
1996-ന് ശേഷം രാജ്യത്തെ കുടുംബങ്ങളുടെ എണ്ണം 59% വര്‍ദ്ധിച്ചെങ്കിലും, ഓരോ കുടുംബത്തിലെയും ശരാശരി കുട്ടികളുടെ എണ്ണം 26% കുറയുകയാണ് ഉണ്ടായിരിക്കുന്നത് എന്നതും സമൂഹത്തിലെ മാറ്റത്തിന്റെ സൂചനയാണ്.