അയര്‍ലണ്ടിലെ പണപ്പെരുപ്പം വര്‍ദ്ധിച്ചു. ജൂലൈ മാസത്തിലെ 4.6 ശതമാനത്തില്‍ നിന്നും ഓഗസ്റ്റിലേയ്ക്കെത്തുമ്പോള്‍ പണപ്പെരുപ്പം 4.9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതായി Harmonised Index of Consumer Prices (HICP) ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാത്രമല്ല കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് പണപ്പെരുപ്പ നിരക്ക്, വര്‍ഷാവര്‍ഷ കണക്കെടുക്കുമ്പോള്‍ ഇത്ര വേഗത്തില്‍ വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഊര്‍ജ്ജം, സംസ്കരിക്കാത്ത ഭക്ഷ്യവസ്തുക്കള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, പണപ്പെരുപ്പം ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ 5 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇവ രണ്ടിന്റെയും വിലക്കയറ്റമാണ് രാജ്യത്ത് പണപ്പെരുപ്പം നിലനില്‍ക്കാനുള്ള പ്രധാനകാരണമായി സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നത്.
അയര്‍ലണ്ടിലെ ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.4% ഉയര്‍ന്നപ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
ഇതിനിടെ നാളെ മുതല്‍ ഇന്ധനവിലയും വര്‍ദ്ധിക്കും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയ ചില എക്സൈസ് ഡ്യൂട്ടികള്‍ വീണ്ടും ഈടാക്കാന്‍ ആരംഭിക്കുന്നതോടെ പെട്രോളിന് 5 സെന്റും, ഡീസലിന് 7 സെന്റും വില വര്‍ദ്ധിക്കും.