ഡബ്ലിനില്‍ പുതിയ ലുവാസ് ട്രാമുകള്‍ വാങ്ങാനും, നിലവിലെ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുമായി 300 മില്യണ്‍ യൂറോയുടെ പദ്ധതിയുമായി Transport Infrastructure Ireland (TII). പുതിയ ട്രാമുകള്‍ വാങ്ങുന്നതോടെ നിലവിലെ പഴയ ട്രാമുകളുടെ ഉപയോഗം നിര്‍ത്തുകയും ചെയ്യും. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭനടപടികള്‍ TII ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ട്രാമുകള്‍ വാങ്ങാന്‍ കരാര്‍ ക്ഷണിച്ചിട്ടുമുണ്ട്.
നിലവിലെ ലുവാസ് ഡബ്ലിനില്‍ 44 കി.മീ വ്യാപിച്ച് കിടക്കുന്നതാണ്. 81 Light Rail Vehicles (LRVs) ആണ് ഇതിലൂടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ 40 എണ്ണം 2002-ലും, 26 എണ്ണം 2009-ലും, ഏഴെണ്ണം 2018-ലും എട്ടെണ്ണം 2020-ലും വാങ്ങിയവയാണ്. ഇതില്‍ 2002-ല്‍ വാങ്ങിയവയുടെ ഉപയോഗം നിര്‍ത്താനായെന്ന് TII പറയുന്നു.
സര്‍വീസ് വ്യാപിപ്പിക്കുന്നതോടെ പുതിയ ട്രാമുകള്‍ വാങ്ങേണ്ടതായി വരും. ഇതിന് പുറമെ കോര്‍ക്കിലും പുതുതായി ലുവാസ് സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് TII അറിയിച്ചു.
ഡബ്ലിനില്‍ ലുവാസ് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് Transdev Ireland ആണ്. ദിവസം ശരാശരി 120,000 യാത്രകളെന്ന കണക്കില്‍ പോയ വര്‍ഷം 38 മില്യണ്‍ യാത്രകളാണ് ആളുകള്‍ ലുവാസില്‍ നടത്തിയത്.