ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ വ്യോമയാനമന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നു. നിലവില്‍ കണക്ഷന് ഫ്ളൈറ്റുകള്‍ മാത്രമാണ് യാത്രയ്ക്ക് ലഭ്യമെന്നിരിക്കെ, ഒരു ദിവസം മുഴുവനായി യാത്രയ്ക്ക് ചെലവിടേണ്ട സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍. ഇത് അത്യാവശ്യയാത്രകള്‍ നടത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി വഴി ഇക്കാര്യം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തിയ നിവേദനം സമര്‍പ്പിക്കും. നിവേദനത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://www.change.org/p/minister-of-state-for-civil-aviation-direct-flight-from-ireland-to-india
അയര്‍ലണ്ടിലെ ആകെ ജനസംഖ്യയുടെ ഏകദേശം 1% ഇന്ത്യക്കാരാണ്. 2023-ലെ സെന്‍സസ് പ്രകാരം 91,520 ഇന്ത്യന്‍ വംശജരാണ് ഇവിടെ ജീവിക്കുന്നത്. ഇതിന് പുറമെ ഓരോ വര്‍ഷവും 44,000 ഐറിഷുകാര്‍ വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തുന്നുമുണ്ട്. ഇവര്‍ക്കെല്ലാം വലിയ ഉപകാരമാകുന്നതാണ് നേരിട്ടുള്ള വിമാനസര്‍വീസ് എന്ന ആശയം.