സ്വമേധയാ കൊടുക്കുന്ന സംഭാവനകള്‍ (voluntary contribution) നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പുസ്തകവിതരണം നടത്താനുള്ള 53 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പല സ്കൂളുകളും സംഭാവനകളുടെ പേരില്‍ വലിയ തുക ആവശ്യപ്പെടുന്നത് രക്ഷിതാക്കല്ക്ക് സാമ്പത്തികഭാരമേല്‍പ്പിക്കുന്നതായി പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഫോളിയുടെ പ്രതികരണം. രാജ്യത്തെ വിദ്യാഭ്യാസനിയമപ്രകാരം സ്കൂളുകള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്കാന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല.
ഇത്തരം സംഭാവനകള്‍ പിരിക്കുന്നതില്‍ നിന്നും സ്കൂള്‍ മാനേജ്മെന്റുകളെ വിലക്കുമോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസരംഗത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.5 ബില്യണ്‍ യൂറോ സര്‍ക്കാര്‍ അധികമായി അനുവദിച്ചിട്ടുണ്ടെന്നും, എന്നത്തെക്കാളും അധികം ഫണ്ടിങ് ഇപ്പോള്‍ നല്‍കിവരുന്നുണ്ടെന്നും അവര്‍ മറുപടി നല്കി. ആവശ്യത്തിന് പ്രവര്‍ത്തനഫണ്ട് ഇല്ലാത്ത സ്കൂളുകള്‍ക്ക് വിദ്യാഭ്യാസവകുപ്പിനെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി.