ഇക്കഴിഞ്ഞ ജൂലൈ, ലോകത്ത് ഇന്നേവരെയുണ്ടായതില്‍ വച്ച് ഏറ്റവും ചൂടേറിയ മാസമായിരുന്നുവെന്ന് Copernicus Climate Change Service (C3S). ഇതുവരെ ഈ റെക്കോര്‍ഡുണ്ടായിരുന്ന 2019 ജൂലൈ മാസത്തെ അപേക്ഷിച്ച്, 2023 ജൂലൈയില്‍ 0.33 ഡിഗ്രി വര്‍ദ്ധിച്ച്, അന്തരീക്ഷ താപനില ശരാശരി 16.95 ഡിഗ്രി സെല്‍ഷ്യസിലെത്തി.
അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലോകം കടുത്ത ചൂടിലേയ്ക്ക് നീങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്. 1850-1900 കാലത്തെ ശരാശരി ചൂടിനെക്കാള്‍ 1.5 ഡിഗ്രി അധികമാണ് കഴിഞ്ഞ മാസം ലോകം നേരിട്ട ചൂട്. കൂടാതെ 1991-2020 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ 0.72 ഡിഗ്രി അധികവും.
യൂറോപ്പ് കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് (2022 ജൂണ്‍-ഓഗസ്റ്റ്) യൂറോപ്പില്‍ മാത്രം 61,672 പേരാണ് ചൂട് കാരണം മരിച്ചത്. ഈ വര്‍ഷമാകട്ടെ തുടര്‍ച്ചയായ ഉഷ്ണതരംഗങ്ങള്‍ക്കാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്.
അന്തരീക്ഷതാപനില ഉയരുന്നത് എല്‍ നിനോ പ്രതിഭാസത്തിന് കാരണമാകുകയും, സമുദ്രനിരപ്പിലെ താപനില ഉയര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശരാശരിയെക്കാള്‍ 1.05 ഡിഗ്രി അധികമായിരുന്നു ജൂലൈ മാസത്തില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രനിരപ്പിലെ ചൂട്.