അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 300 മില്യണ്‍ യൂറോയോളം ഫോണില്‍ വരുന്ന തട്ടിപ്പ് കോളുകള്‍, മെസ്സേജുകള്‍ എന്നിവ വഴി ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും നഷ്ടമാകുന്നു. രാജ്യത്തെ ടെലികോം റെഗുലേറ്ററായ ComReg-ന്റെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ ഉള്ള കോളുകളുടേയും മെസ്സേജുകളുടെയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി ഫോണ്‍ ഉപയോക്താക്കളാണ് ഇത്തരത്തില്‍ ഉള്ള പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.
വര്‍ഷത്തില്‍ 365,000 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ശരാശരി 1000-ഓളം തട്ടിപ്പുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 5,000-ഓളം ബിസിനസ്സ് സ്ഥാപനങ്ങള്‍ ആണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളത്. ബാങ്കുകള്‍, മോട്ടോര്‍വേ ടോള്‍ ഓപ്പറേറ്റര്‍, പോസ്റ്റോഫീസ് എന്നീ പേരുകളില്‍ ആണ് തട്ടിപ്പ് കോളുകള്‍ കൂടുതലായും വരുന്നത്. നിങ്ങളുടെ കുട്ടികള്‍ അപായത്തിലാണ് എന്ന തരത്തിലും വ്യാജസന്ദേശങ്ങള്‍ വരാറുണ്ട്.
ഇത്തരത്തിലുള്ള വ്യാജകോളുകള്‍ കുറയ്ക്കുന്നതിനായുള്ള പുതിയ സാങ്കേതികസംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ടെലികോം മന്ത്രാലയം മൊബൈല്‍ ഓപ്പറേറ്റേഴ്സിനോട് നിര്‍ദ്ദേശിച്ചു. ഇതിനായി പുതിയ നിയമഭേദഗതി വേണ്ടിവന്നേക്കും. അതേസമയം ഇത്തരത്തില്‍ ഉള്ള മെസ്സേജുകളും കോളുകളും റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.