അയര്‍ലണ്ട് മലയാളികളെ കൂടുതല്‍ ആവേശത്തിലാക്കിക്കൊണ്ട് അയര്‍ലണ്ടിനെതിരെ നടക്കുന്ന ടി20 സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളിയായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാരിക്കെയാണ് സന്തോഷ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായി ഇപ്പോള്‍ നടന്നുവരുന്ന ടൂര്‍ണ്ണമെന്റില്‍ ടീമിലുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്ജുവിന് എടുക്കാനായത്.
അതേസമയം പ്രമുഖതാരങ്ങളില്‍ പലര്‍ക്കും വിശ്രമം നല്‍കിയാണ് അയര്‍ലണ്ടില്‍ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങള്‍ക്കായുള്ള 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. പരിക്കിന് ശേഷം മടങ്ങിവരുന്ന ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുമ്റയാണ് ക്യാപ്റ്റന്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരൊന്നും അയര്‍ലണ്ടില്‍ കളിക്കില്ല.
ഡബ്ലിനില്‍ ഓഗസ്റ്റ് 18, 20, 23 തീയതികളിലായാണ് മത്സരം നടക്കുക. നേരത്തെ ടി20 ലോകകപ്പിലേയ്ക്ക് യോഗ്യത നേടിയ ഐറിഷ് ടീമും, ശക്തരായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം കാണികള്‍ക്ക് ആവേശം പകരും. പോള്‍ സ്റ്റിര്‍ലിങ് ആണ് അയര്‍ലണ്ടിനെ നയിക്കുക
മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന നേരത്തെ ആരംഭിച്ചിരുന്നു.